കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ സമഗ്ര കര്‍മ്മപദ്ധതി വേണമെന്ന് വിദഗ്ധർ

Dec 20, 2023 - 20:11
 0
കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കാന്‍ സമഗ്ര കര്‍മ്മപദ്ധതി വേണമെന്ന് വിദഗ്ധർ
This is the title of the web page

ഇടുക്കി ജില്ല നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാന്‍ സമഗ്ര പ്രതിരോധ കര്‍മപദ്ധതി വേണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'കാലാവസ്ഥാ അതിജീവനശേഷിയും ഊര്‍ജകാര്യക്ഷമതയും കാര്‍ഷിക മേഖലയില്‍' എന്ന വിഷയത്തില്‍ സംസ്ഥാന ഊര്‍ജവകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററും കൃഷിവകുപ്പും ചേര്‍ന്ന് പരിസ്ഥിതി ഗവേഷണ സ്ഥാപനങ്ങളായ അസര്‍, ഇക്വിനോട്ട് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്ന വിദഗ്ധര്‍. കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ജില്ല നേരിടുന്ന പാരിസ്ഥിതികവും അതിജീവനപരവുമായ വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും കാര്‍ഷിക മേഖലയില്‍ രൂപപ്പെടുത്തേണ്ട പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനുമാണ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്തു. ജില്ല ഗുരുതരമായ കാലാവസ്ഥാ അതിജീവന പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാമാറ്റം എല്ലാവരെയും ബാധിക്കുന്നുണ്ടെന്നും ഇതിനെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ പരിഹാര നടപടികള്‍ വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന കാലാവസ്ഥാ അടിയന്തരാവസ്ഥയെ അതിജീവിക്കാന്‍ മണ്ണിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കുക, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക എന്നിവയടക്കമുള്ള പരിഹാര പ്രവര്‍ത്തനങ്ങള്‍ സംയോജിതമായും സമയബന്ധിതമായും നടപ്പിലാക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജലവൈദ്യുതിയുടെ പ്രഭവകേന്ദ്രം എന്ന നിലയിലും മധ്യകേരളത്തിലെ കൃഷിക്കും കുടിവെള്ളത്തിനും വ്യവസായിക വളര്‍ച്ചക്കും ആവശ്യമായ വെള്ളത്തില്‍ ഗണ്യമായ പങ്ക് സംഭാവന ചെയ്യുന്ന പ്രദേശം എന്ന നിലയിലും ഇടുക്കിയുടെ സുസ്ഥിര വളര്‍ച്ച സംസ്ഥാനത്തിന് തന്നെ നിര്‍ണ്ണായകമാണ്. ജില്ലയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഉരുള്‍പൊട്ടലുകളും മിന്നല്‍ പ്രളയങ്ങളും അതിജീവിക്കാനുള്ള സ്ഥിരമായ അതിജീവന-പ്രതിരോധ-പുനരധിവാസ സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും വിശ്വാസത്തിലെടുത്തും അവരുടെ പങ്കാളിത്തത്തോടെയുമുള്ള പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. വയലുകളും വനങ്ങളും നാണ്യവിളകളും ഒരേപോലെ സംരക്ഷിക്കപ്പെടുകയും കാലാവസ്ഥയെയും ഭൂപ്രകൃതിയെയും കൂടുതല്‍ തകരാറുകള്‍ വരാതെ നിലനിര്‍ത്തുകയും ചെയ്താല്‍ മാത്രമേ വിനോദസഞ്ചാര മേഖലയിലും ജില്ലയ്ക്ക് മുന്നോട്ടുപോകാനാകൂ എന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

വിവിധ സര്‍ക്കാര്‍ വകുപ്പുകളും പ്രാദേശിക സര്‍ക്കാരുകളും ചേര്‍ന്ന് പ്രകൃതിയുടെ സ്വാഭാവികമായ സന്തുലനാവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാല്‍ കാലാവസ്ഥാ വെല്ലുവിളികളെ ഒരളവു വരെ പ്രതിരോധിക്കാനാകുമെന്ന് കാര്‍ഷിക വിദഗ്ധ ഉഷാ ശൂലപാണി ചൂണ്ടിക്കാട്ടി. ഭൂപ്രകൃതിയെ സംരക്ഷിക്കുന്നതും കാലാവസ്ഥയുടെ കെടുതികള്‍ അതിജീവിക്കുന്നതുമായ വിത്തുകളും കാര്‍ഷിക രീതികളും ഉറപ്പാക്കണം. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ജില്ലയില്‍ വ്യാപകമാക്കണം. വെള്ളവും മണ്ണും സംരക്ഷിക്കാനുള്ള സമഗ്രകര്‍മ്മപദ്ധതി ഉണ്ടാകണം- അവര്‍ പറഞ്ഞു.

ഇടുക്കിയിലെ കര്‍ഷകര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം, വിള ഇന്‍ഷൂറന്‍സ്, പരിസ്ഥിതി പുനഃസ്ഥാപനത്തില്‍ ഊന്നിയ പുനരുദ്ധാരണം എന്നിവ ഉറപ്പാക്കുന്ന കര്‍മപദ്ധതി ഉണ്ടാകണമെന്ന് കാലാവസ്ഥാ വിദഗ്ദന്‍ ഡോ. സി ജി മധുസൂദനന്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി പുനഃസ്ഥാപനത്തില്‍ കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

കാലാവസ്ഥാ മാറ്റം നേരിടുന്നതില്‍ വകുപ്പുകള്‍ക്കിടയില്‍ ഏകോപനം ഉണ്ടാക്കാനും കൂട്ടായ പ്രവര്‍ത്തന പരിപാടികള്‍ രൂപീകരിക്കാനും ശ്രമങ്ങള്‍ വേണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. 

കാലാവസ്ഥാ വെല്ലുവിളികളെ നേരിടുന്നതിനുള്ള വിവിധ ധനസമാഹരണ മാര്‍ഗങ്ങള്‍, അവയ്ക്കായി ബന്ധപ്പെടേണ്ട ഏജന്‍സികള്‍, കാലാവസ്ഥാ അതിജീവനം സംബന്ധിച്ച മാതൃകാ പദ്ധതികള്‍ എന്നിവ പരിചയപ്പെടുത്തുന്ന സെഷനും ഉണ്ടായിരുന്നു. 

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടക്കുന്ന സമാനശില്‍പശാലകളില്‍ നിന്ന് ഉരുത്തിരിയുന്ന നിര്‍ദേശങ്ങളും പരിഹാരങ്ങളും ക്രോഡീകരിച്ച് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍, കാലാവസ്ഥാ ഗവേഷകന്‍ സി ജയരാമന്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ കെ പി സലീനാമ്മ, ഊര്‍ജ കാര്യക്ഷമതാ വിദഗ്ദന്‍ ജോണ്‍സണ്‍ ഡാനിയേല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow