നെടുങ്കണ്ടത്ത് മരണവീട്ടിൽ സംഘർഷം; യുവാവിനെ പൊതുപ്രവർത്തകൻ കുത്തി പരിക്കേല്പിച്ചു.

മരണവീട്ടിൽവച്ച് രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനു കുത്തേറ്റു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. നെടുങ്കണ്ടം സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. ഇതേ പ്രദേശവാസിയായ ജിൻസൻ പൗവ്വത്താണ് കുത്തിയത്. ഗുരുതരമായി പരുക്കേറ്റ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും നെടുങ്കണ്ടം മുൻ പഞ്ചായത്ത് അംഗവുമായ ജിൻസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം.
മരണവീട്ടിലെത്തിയ ശേഷം ഇറങ്ങുമ്പോഴാണ് ഇരുവരും തമ്മിൽ വാക്കുതർക്കം ഉടലെടുത്തത്. ഇവിടെ നടക്കുന്ന മലനാട് കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. കോൺഗ്രസ് അനുഭാവിയാണ് കുത്തേറ്റ ഫ്രിജോ. തിരഞ്ഞെടുപ്പു നാളെ നടക്കാനിരിക്കെ ഉണ്ടായ ഈ വാക്കുതർക്കമാണ് ഒടുവിൽ കത്തിക്കുത്തിൽ കലാശിച്ചത്. തർക്കം രൂക്ഷമായതോടെ കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ജിൻസൻ ഫ്രിജോയെ കുത്തുകയായിരുന്നു. ഫ്രിജോയ്ക്ക് വയറിനാണ് കുത്തേറ്റത്. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രിജോ അപകടനില തരണം ചെയ്തു. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച ഒരാൾക്കും ചെറിയ പരുക്കുണ്ട്.
What's Your Reaction?






