10 ചെയിനില്‍ സര്‍വ്വേക്ക് തുടക്കം ;സര്‍ക്കാര്‍ വാക്ക് പാലിച്ചു - സിപിഐ എം

ചെറുതോണി: ജില്ലയിലെ 10 ചെയിന്‍ മേഖലയില്‍ സര്‍വ്വേ നടപടികള്‍ക്ക് തുടക്കമായി. ജനങ്ങള്‍ക്ക് സര്‍ക്കാല്‍ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുകൂടി പാലിക്കപ്പെടുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ചു വരുന്നതിന്‍റെ ഭാഗമായാണ് പുതിയ സര്‍വ്വേ നടപടികള്‍ ആരംഭിക്കുന്നത്.
10 ചെയിന്‍ പ്രദേശത്ത് ഏഴ് ചെയിനില്‍ ഉള്‍പ്പെട്ട് വരുന്നവര്‍ക്ക് വരെ ഒന്നാം പിണറായി സര്‍ക്കാര്‍ പട്ടയം നല്‍കിയിരുന്നു. ബാക്കി വരുന്ന 3 ചെയിന്‍ മേഖലയില്‍കൂടിയാണ് പട്ടയം നല്‍കാന്‍ ഇപ്പോള്‍ സര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. വിവിധ പദ്ധതി പ്രദേശങ്ങളുടെ ക്യാച്ച്മെന്‍റ് ഏരിയകളിലെ കൈവശ ഭൂമിയാണ് സര്‍വ്വേയിലൂടെ കണ്ടെത്തുന്നത്. റവന്യൂ രേഖകളുടെ പരിശോധനയും പ്രാരംഭ സര്‍വ്വേ നടപടികള്‍ക്കൊപ്പം നടക്കും.
കാഞ്ചിയാര്‍ വില്ലേജിലെ വെള്ളിലാംകണ്ടത്തും കല്ലാര്‍കുട്ടി ഡാമിന്‍റെ 10 ചെയിന്‍ പ്രദേശമായ വെള്ളത്തൂവല്‍ വില്ലേജും ചെങ്കുളം ഡാമിന്‍റെ 10 ചെയിന്‍ പ്രദേശമായ കുഞ്ചിത്തണ്ണി വില്ലേജിലെ ആനച്ചാല്‍ മേഖലയിലുമാണ് സര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. റവന്യൂ വകുപ്പും കെഎസ്ഇബിയും സംയുക്തമായാണ് സര്‍വ്വേ നടപടികള്‍ നടത്തുന്നത്.
60 വര്‍ഷത്തെ ജനാഭിലാഷം സഫലീകരിച്ച് ഭൂ നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കിയ ശേഷം ഇടതുപക്ഷ സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ ജനങ്ങള്‍ക്കായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് സര്‍വ്വേ നടപടികളും പുനരാരംഭിക്കുന്നത്. എം.എം. മണി വൈദ്യുതി മന്ത്രിയായിരിക്കെയാണ് 10 ചെയിന്‍ പ്രദേശത്ത് ഏഴ് ചെയിന്‍ വരെ പട്ടയം നല്‍കിയത്.
തുടര്‍ന്ന് വരുന്ന 3 ചെയിന്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയം നല്‍കുന്നതില്‍ വൈദ്യുതി ബോര്‍ഡിന് തടസ്സമില്ലെന്ന തീരുമാനവും റവന്യൂ വകുപ്പിനെയും സര്‍ക്കാരിനെയും അറിയിക്കുക കൂടി ചെയ്തിരുന്നു. ഭൂമി പ്രശ്നങ്ങളുടെ സങ്കീര്‍ണതകള്‍ നീക്കി സ്വതന്ത്രവും സുഗമവുമായ ജനജീവിതം ഇടുക്കി ജില്ലയില്‍ ഉറപ്പു വരുത്തുന്നതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ തെളിവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മലയോര ജനതയ്ക്കുവേണ്ടി സര്‍ക്കാരിനെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.