സ്പൈസസ് ബോർഡിൻ്റെ ലേലത്തില്‍ ഗ്വാട്ടിമാലാ ഏലം പതിയ്ക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.ബിജെപി പ്രവര്‍ത്തകർ പുറ്റടി സ്‌പൈസസ് പാര്‍ക്ക് ഉപരോധിച്ചു

സ്പൈസസ് ബോർഡിൻ്റെ ലേലത്തില്‍ ഗ്വാട്ടിമാലാ ഏലം പതിയുന്നതിനെതിരെ പ്രതിഷേധം ഉയരുന്നു.ഇറക്കുമതി ചെയ്ത ഏലക്ക, ലേലത്തിന് എത്തിച്ച കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകർ ഇടുക്കി പുറ്റടി സ്‌പൈസസ് പാര്‍ക്ക് ഉപരോധിച്ചു.
ഗ്വാട്ടിമാലയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഗുണമേന്മ കുറഞ്ഞ ഏലക്കാ വ്യാപകമായി ഇടുക്കിയിലെ ഏലക്കയുമായി കൂട്ടികലര്‍ത്തി ലേലത്തില്‍ പതിയ്ക്കുന്നതായാണ് ആക്ഷേപം. ഇത് ഏലം വിലയിടിവിനു കാരണമായെന്ന് കർഷകർ പറയുന്നു.
വ്യാജ ലോട്ടുകള്‍ പതിപ്പിച്ച്, ഉത്പാദന വര്‍ദ്ധനവ് കാണിയ്ക്കുന്നതായാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ നേതൃത്വത്തില്‍ പുറ്റടി സ്‌പൈസസ് പാര്‍ക്കിന് മുന്‍പില്‍ സമരം നടത്തിയത്.
ലേല കമ്പനികളുടെ ഗോഡൗണുകള്‍ പരിശോധിച്ച്, അതാത് ദിവസത്തെ ലോട്ടിന് ആനുപാതികമായി സ്റ്റോക്ക് ഉണ്ടോ എന്ന് പരിശോധിയ്ക്കാന്‍ സ്‌പൈസസ് ബോര്‍ഡ് തയ്യാറാവണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഉപരോധ സമരം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി സന്തോഷ് കുമാര്‍ ഉത്ഘാടനം ചെയ്തു.
കര്‍ശന പരിശോധന നടത്തി, ഗുണമേന്മ കുറഞ്ഞ ഗ്വാട്ടിമാല ഏലക്കാ പതിയ്ക്കുന്നതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍, ഇത്തരം ഏലക്കായുമായി എത്തുന്ന വാഹനങ്ങള്‍ തടയുന്നതടക്കമുള്ള സമര പരിപാടികള്‍ സ്വീകരിയ്ക്കാനാണ് ബിജെപി പ്രവര്‍ത്തകരുടെ തീരുമാനം. മണ്ഡലം പ്രസിഡന്റ് സജികുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രതീഷ് വരകുമല, കെ കുമാര്‍, ചന്ദ്രന്‍ പനയ്ക്കല്‍, സി.എസ് സന്തോഷ്, ഷിജു, ബാലമുരുകന്‍, അറുമുഖം, മോഹനന്‍, രജീവ് ഇരട്ടയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു