ജില്ലയിൽ കേന്ദ്ര പദ്ധതികൾ അട്ടിമറിക്കപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജോർജ്ജ് കുര്യൻ
ജില്ലയിൽ കേന്ദ്ര പദ്ധതികൾ അട്ടിമറിക്കപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: ജോർജ്ജ് കുര്യൻ.ജന പഞ്ചായത്ത് പരിപാടിയുടെ ജില്ലാതല നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തുകയും അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചരണാർത്ഥം ദേശീയ ജനാധിപത്യ സഖ്യം പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കുന്ന ജന പഞ്ചായത്ത് പരിപാടിയുടെ ജില്ലാതല നേതൃയോഗം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജല വിഭവ വകുപ്പ് മന്ത്രിയുടെ സ്വന്തം ജില്ലയായ ഇടുക്കിയിൽ ജല്‍ജീവന്‍ മിഷൻ പദ്ധതി 5% പോലും ഇതുവരെ പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ല. ഉദ്ഘാടനങ്ങൾ നടത്തി പ്രധാനമന്ത്രിയുടെ പേര് പോലും പരാമർശിക്കാതെ ഇതെല്ലാം സ്വന്തം പദ്ധതിയായി മാറ്റാനുള്ള ശ്രമം മാത്രമാണ് ഇവിടെ നടക്കുന്നത്.റോഡ് ഗതാഗത മേഖലയിൽ ഇടുക്കിക്ക് കോടിക്കണക്കിന് രൂപയുടെ ഫണ്ടുകളാണ് അനുവദിച്ചിട്ടുള്ളത്.
വിവിധ മേഖലകളിലായി ജില്ലയിൽ കേന്ദ്രസർക്കാർ നടപ്പാക്കിയിട്ടുള്ള പദ്ധതികളുടെ യഥാർത്ഥ വശങ്ങൾ ജന പഞ്ചായത്തിലൂടെ ജനങ്ങളിൽ എത്തിക്കും . നരേന്ദ്രമോദി സർക്കാരിന്റെ പദ്ധതികളെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിക്കുന്നത്.
അതിന് കൂടുതൽ ജനകീയ പ്രചരണം നൽകുക വഴി പദ്ധതികൾ നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും നിർബന്ധിതരാകുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യൻ പറഞ്ഞു.
ബിജെപി ജില്ലാ ഉപാധ്യക്ഷൻ കെ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ വി എൻ സുരേഷ് , രതീഷ് വരകുമല, മേഖലാ ജനറൽ സെക്രട്ടറി ബിനു ജെ കൈമൾ, ദേശീയ കൗൺസിൽ അംഗം ശ്രീനഗരിരാജൻ ,ജില്ലാ വൈസ് പ്രസിഡന്റ് സി സന്തോഷ് കുമാർ ,ജില്ലാ കോഡിനേറ്റർ സോജൻ ജോസഫ് ,ഇടുക്കി മണ്ഡലം പ്രസിഡന്റ് സുരേഷ് മീനത്തേരിൽ തുടങ്ങിയവർ സംസാരിച്ചു.