ഉപ്പുതറ ആനപ്പള്ളം അംബേദ്കർ കോളനി നിവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം
ഉപ്പുതറ ആനപ്പള്ളം അംബേദ്കർ കോളനി നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു. റോഡിന്റെ നിർമാണോദ്ഘാടനം ആനപ്പള്ളത്ത് വാഴൂർ സോമൻ എംഎൽഎ നിർവഹിച്ചു. അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പാണ് ഒരു കോടി രൂപ ചെലവിൽ റോഡ് പുനർ നിർമ്മിക്കുന്നത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനായി.പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി നിരവധി പദ്ധതികൾ സർക്കാർ വിഭാവനം ചെയ്യുന്നുണ്ടെന്നും അവയുടെ പൂർണ്ണമായ പ്രയോജനം ജനങ്ങളിലേക്ക് കൂടുതൽ എത്തേണ്ടതുണ്ടെന്നും വാഴൂർ സോമൻ എം എൽ എ പറഞ്ഞു. പട്ടികജാതി വികസന വകുപ്പ് അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയിലൂടെ കോളനികളുടെ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി കോളനി നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തും. ശോചനീവസ്ഥയിലായ ആനപ്പള്ളം -അംബേദ്കർ കോളനി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ഏറെ നാളത്തെ പ്രദേശവാസികളുടെ ആവശ്യത്തിനാണ് പദ്ധതി വഴി പരിഹാരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ നിർമ്മിതി കേന്ദ്രയാണ് നിർമാണ നിർവഹണ ഏജൻസി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി മനോജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്,ബ്ലോക്ക് പഞ്ചായത്തംഗം വി പി ജോൺ, ഗ്രാമപഞ്ചായത്ത് അംഗം എം എൻ സന്തോഷ്, നിർമ്മിതി അസിസ്റ്റന്റ് എഞ്ചിനീയർ ബിജു, പട്ടികജാതി വികസന ഓഫീസർ കെ എം ദിലീപ് രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.