ഇടുക്കി സ്വദേശികളുടെ ഹോം സ്റ്റേ ; ഹോം സ്റ്റേ എന്നു ബോർഡും പരസ്യവും, ഉള്ളിൽ പെൺവാണിഭ കേന്ദ്രം.ഉടമ സ്പാ കൂട്ടബലാത്സംഗക്കേസ് പ്രതിയുടെ ബിസിനസ് പങ്കാളി
നഗരമധ്യത്തിൽ മൂന്നുനില കെട്ടിടത്തിനു പുറത്ത് ‘ഹോം സ്റ്റേ’ എന്ന് ബോർഡ്. വെബ്സൈറ്റുകളിൽ മുറിക്ക് 1500 രൂപ മുതൽ 2500 രൂപ വരെ ദിവസ വാടക. എല്ലാ സൗകര്യങ്ങളുമുണ്ടെന്നു പരസ്യം. നടക്കാവുന്ന ദൂരത്തിൽ മാളും മെട്രോയുമടക്കം സകല കാര്യങ്ങളും. എന്നാൽ കെട്ടിടത്തിന്റെ ഉള്ളിൽ പെൺവാണിഭ കേന്ദ്രം. ഇന്നലെ എളമക്കര പൊലീസ് നടത്തിയ മിന്നൽ റെയ്ഡില്‍ ഈ സ്ഥാപനം പൂട്ടി. ഇടുക്കി സ്വദേശി കിഷോറും ഭാര്യയുമാണ് ഹോം സ്റ്റേ നടത്തിയിരുന്നത് എന്നാണ് വിവരം. ഇവർ ഒളിവിലാണ്. കളമശേരി സ്പാ കൂട്ടബലാത്സംഗ കേസിലെ ഒന്നാം പ്രതി ശ്രീരാജിന്റെ ബിസിനസ് പങ്കാളിയായിരുന്നു കിഷോർ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനും പള്ളിക്കും സമീപം രണദിവെ റോഡിൽ പ്രവർത്തിച്ചിരുന്ന ഹോംസ്റ്റേയുടെ മറവിൽ ആയിരുന്നു അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം നില ആയിരുന്നു പെൺവാണിഭ കേന്ദ്രം.
സ്ഥാപനത്തിന്റെ നടത്തിപ്പുകാരും സ്ത്രീകളെ എത്തിക്കുന്ന ഏജന്റുമാരുമായ 3 പേർ പിടിയിലായി. ആലപ്പുഴ പട്ടണക്കാട് തകരപ്പറമ്പ് അഖിൽ കൃഷ്ണ ടി.എസ് (30), ഇരിങ്ങാലക്കുട കോണത്തുകുന്ന് ഉണ്ടത്തുകടവ് അഫ്സൽ യു.എ (27), കൊല്ലം കല്ലുംതാഴം അയാത്തിൽ അൽ അമീൻ കോട്ടേജിൽ അക്ബർ ഷാ നവാസ് (24) എന്നിവരാണ് അറസ്റ്റിലായത്. കളമശേരി സ്പാ പീഡനക്കേസിലെ ഒന്നാംപ്രതി ശ്രീരാജിന്റെ പങ്കാളിയായ ഇടുക്കി സ്വദേശി കിഷോറും ഭാര്യയും ചേർന്നാണ് ഈ കേന്ദ്രം നടത്തിയിരുന്നത്. രണ്ടുമാസം മുമ്പ് കളമശേരിയിലെ സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ലഹരി നൽകി യുവതിയെ കെട്ടിയിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ശ്രീരാജ് ജയിലിലാണ്. കേസിലെ നാലാം പ്രതി സഞ്ജയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ശ്രീരാജിന്റെ പങ്കാളി കിഷോർ ഇടപ്പള്ളി കേന്ദ്രീകരിച്ച് സമാന രീതിയിൽ പെൺവാണിഭവും ലഹരി ഇടപാടുകളും നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
കളമശേരി സ്പാ കേസില്‍ യുവതിക്ക് ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ സ്പായുടെ നടത്തിപ്പും കിഷോർ ആയിരുന്നു എന്നാണ് വിവരം. ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളും ലഹരിമരുന്ന് ഉപയോഗവും നടക്കുന്നുണ്ടെന്ന കൊച്ചി സിറ്റി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അറസ്റ്റിലായവർക്കു പുറമെ ഇവിടെ എത്തിയ രണ്ട് ഉപഭോക്താക്കളെയും സ്ഥലത്തുണ്ടായിരുന്ന 5 സ്ത്രീകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ത്രീകളിൽ രണ്ടുപേർ മലയാളികളും ബാക്കിയുള്ളവർ ബംഗാൾ, ആന്ധ്രാപ്രദേശ് സ്വദേശികളുമാണ്. ഇവരെ ഇരകളായാണ് പൊലീസ് കണക്കാക്കുന്നത്.
കെട്ടിടത്തിന്റെ രണ്ടാം നിലയിലെ നാല് എ.സി മുറികളിലായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. മണിക്കൂറിന് 2500 രൂപ മുതൽ 10,000 രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്നത്. ഇതിൽ സ്ത്രീകൾക്ക് നൽകുന്നത് 1,500 മുതൽ 2,000 രൂപ വരെ. ‘ലോക്കാൻഡോ’ എന്ന ഓൺലൈൻ ഡേറ്റിങ് ആപ്ലിക്കേഷനും ഫെയ്സ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും വഴിയാണ് ഉപഭോക്താക്കളെയും സ്ത്രീകളെയും ഇവിടേക്ക് എത്തിച്ചിരുന്നത്. സംസ്ഥാനമൊട്ടാകെ ഏജന്റുമാരുള്ള വൻ ശൃംഖലയാണ് ഇതിനു പിന്നിലെന്നാണ് പൊലീസിനു ലഭിച്ച വിവരം.



