യുഡിഫ് -എൽഡിഎഫ് അരാജകത്വത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ അണക്കരയിൽ ബുധനാഴ്ച്ച പ്രതിഷേധ ജനസഭ നടക്കും
യുഡിഫ് -എൽഡിഎഫ് അരാജകത്വത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ അണക്കരയിൽ ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രതിഷേധ ജനസഭ നടക്കും.ജില്ലാ പ്രസിഡന്റ്റ് വി സി വർഗ്ഗീസിൻ്റെ അധ്യക്ഷതയിൽ കൂടുന്ന പ്രതിഷേധ ജനസഭ ബിജെപി സംസ്ഥാന വക്താവ് പി. ആർ ശിവശങ്കരൻ ഉദ്ഘാടനം ചെയ്യും.
ഇടുക്കി ജില്ലയിൽ ഇടതുപക്ഷ സർക്കാരിനും പിണറായി വിജയനും എതിരെ ഉയർന്നു വന്ന വലിയ ജന വികാരവും വിദ്വേഷവും മുതലെടുത്ത് ജനങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിൽ വന്ന വി ഡി സതീശൻ സർക്കാർ ജില്ലയിലെ ജനകീയ വിഷയങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ അമ്പേ പരാജയപ്പെട്ടുവെന്നും ജില്ലയിൽ നിലനിൽക്കുന്ന വന്യജീവി ആക്രമണം തടയുന്നതിന് ശാശ്വതമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും നേതാക്കൾ പറഞ്ഞു.
വിലകയറ്റം തടഞ്ഞു നിർത്തുന്നതിനോ പറഞ്ഞിരുന്ന ഗ്യാരണ്ടികൾ യാഥാർഥ്യമാക്കുന്നതിനോ സാധിച്ചില്ല. കരിമണൽ എക്സാ ലോജിക് കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെതിരെ എഫ് ഐ ആർ ഇടാൻ തെളിവുസഹിതം ഇ.ഡി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടും ഇടത് വലത് അന്തർധാരയുടെ ഫലമായി ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നതുവരെ എഫ് ഐ.ആർ രജിസ്റ്റർ ചെയ്യാൻ വി.ഡി സതീശൻ സർക്കാർ ബോധപൂർവ്വം താമസിപ്പിച്ചു. ഇത് തെളിയിക്കുന്നത്, ഇടതും വലതും രണ്ടല്ല ഒന്നു തന്നെയാണ് എന്നാണ്.
എസ് ഐ ആർ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിൽ കൊമ്പുകോർക്കുന്ന ഇടതും വലതും കേരളം വിട്ടാൽ ഒരുമിച്ചാണ് എസ് ഐ ആറിനെതിരെ സമരം ചെയ്യുന്നത്. എസ് ഐ ആർ വിഷയത്തിൽ വി ഡി സതീശൻ സർക്കാർ കേരളത്തിൽ എടുക്കുന്ന നയമല്ല ഡെൽഹിയിൽ ചെല്ലുമ്പോൾ സ്വീകരിക്കുന്നത്. എസ് ഐ ആർ തെറ്റാണെങ്കിൽ ആദ്യം രാജിവച്ച് ഒഴിയേണ്ടത് വി.ഡി സതീശനും എം.എൽ എമാരുമാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെടുന്നവർ കേരളത്തിൽ നടന്ന എസ് ഐ ആർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത കേരളാ ചീഫ് ഇലക്ഷൻ കമ്മീഷണറെ തൻ്റെ ചീഫ് സെക്രട്ടറിയാക്കിയത് എന്തിൻ്റെ പേരിലാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
ഇതിനെതിരെയാണ് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മറ്റി അണക്കരയിൽ പ്രതിഷേധ മാർച്ചും ജനകീയ സഭയും സംഘടിപ്പിക്കുന്നത്.വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് വി സി വർഗീസ്,ശ്രീനഗരി രാജൻ, രതീഷ് വരകുമല , കെ. കുമാർ, സുമിത്ത് ശശി, പി എൻ പ്രസാദ്, മനോജ് രാധാകൃഷ്ണൻ, ബിനോജ് കുമാർ എന്നിവർ പങ്കെടുത്തു.

