വഴിയിൽ വീണുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായി കട്ടപ്പനയിലെ ഓട്ടോറിക്ഷ ഡ്രൈവർ.
വഴിയിൽ വീണുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായി കട്ടപ്പനയിലെ ഓട്ടോറിക്ഷ ഡ്രൈവർ. കട്ടപ്പന മുനിസിപ്പാലിറ്റി 16-ാം നമ്പർ സ്റ്റാൻഡ് ഇരുപതേക്കറിലെ ഡ്രൈവറായ ടോമി കിഴക്കേനത്താണ് സമൂഹത്തിന് മാതൃകയായ പ്രവർത്തനം കാഴ്ചവച്ചത്.കഴിഞ്ഞദിവസമാണ് ഓട്ടോ റിക്ഷ ഡ്രൈവറായ ടോമിക്ക് വഴിയിൽ നിന്ന് പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ലഭിക്കുന്നത്. ഒരു നിമിഷം പോലും വൈകാതെ അദ്ദേഹം ഉടമസ്ഥനെ കണ്ടെത്തി പേഴ്സും പണവും പൂർണ്ണമായും തിരികെ ഏൽപ്പിക്കുകയായിരുന്നു. ജീവിതച്ചെലവുകൾക്കായി രാപ്പകൽ അധ്വാനിക്കുന്നതിനിടയിലും കാണിച്ച ഈ സത്യസന്ധത സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നതെന്ന് സഹപ്രവർത്തകർ അഭിപ്രായപ്പെട്ടു.
ഇരുപതേക്കറിൽ നടന്ന സ്വീകരണ യോഗത്തിൽ മേഖലയിലെ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികൾ ഒന്നടങ്കം പങ്കെടുത്തു. ചടങ്ങിൽ വിവിധ യൂണിയൻ നേതാക്കളായ ഷാജി പാണ്ടിക്കുന്നേൽ, റോയ് ജോൺ, ബിബിൻ, അജേഷ് ഒറ്റപ്ലാക്കൽ, ആൽബിൻ ജോൺ, സാജു വള്ളക്കടവ് എന്നിവർ സംസാരിച്ചു. സാധാരണക്കാരായ തൊഴിലാളികളുടെ നന്മയും വിശ്വാസ്യതയും ഉയർത്തിപ്പിടിച്ച ടോമിയുടെ പ്രവൃത്തി നാടിനാകെ അഭിമാനമാണെന്ന് നേതാക്കൾ യോഗത്തിൽ പറഞ്ഞു.

