ലോക മാനസികാരോഗ്യ ദിനം- ജില്ലാതല പരിപാടി
മനസിനെ ചെറുപ്പവും പ്രസന്നവുമായി നിലനിര്‍ത്താന്‍ കഴിയുന്നത് ശാരീരിക ആരോഗ്യത്തെയും ജീവിതത്തിന്റെ ഗുണനിലവാരത്തെയും മെച്ചപ്പെടുത്തുമെന്ന് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോള്‍ ജിന്നി പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ കെ.ആര്‍. വിഷയാവതരണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത്ത് ജി. റാവുവിന്റെ നേതൃത്വത്തില്‍ തീം പ്രകാശനം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് നല്‍കി നിര്‍വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സിബി ജോര്‍ജ് ദിനാചരണ സന്ദേശം നല്‍കി. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രഞ്ജിനി വി. സ്വാഗതം ആശംസിച്ചു.
''ജീവിതാനുഭവങ്ങള്‍ കേള്‍ക്കാം: യഥാര്‍ത്ഥ ശബ്ദങ്ങള്‍, യഥാര്‍ത്ഥ മാറ്റങ്ങള്‍'' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ അനുഭവങ്ങള്‍ കേള്‍ക്കുന്നതിനും അവരുടെ വികാരങ്ങളെയും ആവശ്യങ്ങളെയും മനസിലാക്കുന്നതിനും സമൂഹത്തില്‍ മാനസികാരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യം നല്‍കുന്നതാണ് ദിനാചരണം.
ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. മാനസികാരോഗ്യ ബോധവല്‍ക്കരണ പോസ്റ്ററും പ്രദര്‍ശിപ്പിച്ചു. ജില്ലാ മാനസികാരോഗ്യ പരിപാടിയിലെ സൈക്യാട്രിസ്റ്റ് ഡോ. ബബിന്‍ ജെ. തുറക്കല്‍ ഔദ്യോഗിക സേവനാനുഭവങ്ങള്‍ പങ്കുവെച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്ററ് ഡിപിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവല്‍ക്കരണ ക്വിസ് മത്സരവും സംഘടിപ്പിച്ചു.
ഇടുക്കി മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. രാംകുമാര്‍, ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു മാനുവല്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ഷിജു ടി.കെ., ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഷൈലാഭായി വി.ആര്‍., വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ സിബി തോമസ്, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജില്‍ മാത്യു എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, എന്‍.എച്ച്.എം. ജീവനക്കാര്‍, ജില്ലാ മാനസികാരോഗ്യം വിഭാഗം ജീവനക്കാര്‍ ,നഴ്സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങള്‍, ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ പകല്‍വീട്ടിലെ അന്തേവാസികള്‍, പൊതുജനങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മാനസികാരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യവകുപ്പ് സംഘടിപ്പിക്കും. സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ മാനസികാരോഗ്യ അവബോധം വര്‍ധിപ്പിക്കുക, മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ കുറയ്ക്കുക, ആവശ്യമായ സമയത്ത് സഹായം തേടുന്നതിനുള്ള മനോഭാവം വളര്‍ത്തുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ക്യാമ്പയിന്റെ മുന്നോടിയായി ജില്ലാ മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫീസര്‍ ഡോ. രഞ്ജിനി വി.യുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍, ആര്‍.ബി.എസ്.കെ. നഴ്‌സുമാര്‍, അഡോളസന്റ് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്കായി ഓണ്‍ലൈന്‍ പരിശീലന ക്ലാസുകളും സംഘടിപ്പിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരോഗ്യസ്ഥാപനങ്ങളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

