പീരുമേട് പഞ്ചായത്തിൽ ജനജാഗ്രതാ സമിതി പ്രവർത്തനം തുടങ്ങി; മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രതിരോധം
പീരുമേട്: പീരുമേട് ഗ്രാമപഞ്ചായത്തിൽ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജനജാഗ്രതാ സമിതികൾ പ്രവർത്തനം ആരംഭിച്ചു. പീരുമേട് എക്‌സൈസ് വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ അതാത് വാർഡ് അംഗം കൺവീനറായാണ് ജാഗ്രതാ സമിതികൾ രൂപീകരിച്ചിരിക്കുന്നത്. പ്രദേശത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും പൂർണ്ണമായി ഇല്ലാതാക്കുകയും, യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ബോധവൽക്കരണം ശക്തമാക്കുകയുമാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
നാട്ടിൽ ലഹരി ഉപയോഗമോ സംശയാസ്പദമായ പ്രവർത്തനങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ എക്‌സൈസ് അധികൃതരെയും ജനജാഗ്രതാ സമിതിയെയും വിവരമറിയിക്കാവുന്നതാണ്. ഗ്രാമതലത്തിൽ ജനപങ്കാളിത്തത്തോടെയുള്ള ഈ പ്രതിരോധം ലഹരിമുക്ത അന്തരീക്ഷം സൃഷ്ടിക്കാൻ ഏറെ സഹായകരമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.





