ദേവികുളം താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ വെള്ളത്തൂവല്‍ സ്വദേശി മൂഴികുഴിയില്‍ പയസ്സ് ജയിംസ് മുച്ചക്ര വാഹനം അനുവദിക്കണമെന്ന ആവശ്യവുമായാണ് ചക്ര കസേരയില്‍ മന്ത്രിക്കരികില്‍ എത്തിയത്. പരാതി പരിഗണിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുച്ചക്ര വാഹനം നല്‍കാനുള്ള നടപടിക്കായി സാമൂഹ്യനീതി വകുപ്പിന് നിര്‍ദേശം നല്‍കി. അദാലത്ത് അവസാനിച്ച് മന്ത്രി മടങ്ങുമ്പോള്‍ നന്ദി പറയാന്‍ പയസ്സ് ജയിംസ് കാത്തു നില്‍പ്പുണ്ടായിരുന്നു. വേദിക്ക് പുറത്ത് കാത്തു നിന്ന പയസിന്റെ കൈ പിടിച്ച് അര്‍ഹരായവര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന ഉറപ്പും നല്‍കിയാണ് മന്ത്രി റോഷി അഗസ്റ്റിന്‍ വേദി വിട്ടത്.
കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ പയസ്സ് 2006 ല്‍ കെട്ടിടത്തില്‍ നിന്ന് വീണ് കാലുകളുടെ ചലന ശേഷി നഷ്ടമാകുകയായിരുന്നു. പയസിനൊപ്പം ഭാര്യ ലാലിയുമുണ്ടായിരുന്നു.ക്ഷേമനിധി പെന്‍ഷനാണ് ഏകവരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.