ക്ലീന്‍ തൊടുപുഴയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടിയിലായത് ആറു യുവാക്കള്‍
തൊടുപുഴ പോലീസിന്റെ ലഹരിവിരുദ്ധ പരിപാടിയായ ക്ലീന്‍ തൊടുപുഴയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ പിടിയിലായത് ആറു യുവാക്കള്‍. ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് എം.ഡി.എം.എയും കഞ്ചാവും ഉപയോഗിച്ച യുവാക്കളെ ഡിവൈ.എസ്.പി എം.ആര്‍.മധുബാബുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്.കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ തൊടുപുഴയിലും പരിസര പ്രദേശങ്ങളിൽ നിന്നുമായി 34 യുവാക്കളാണ് പോലീസ് പിടിയിലായത്. തൊടുപുഴ മങ്ങാട്ടുകവല മാവിന്‍ചുവട് പെരുനിലത്ത് അല്‍ത്താഫ് അനസ് , തൊടുപുഴ ഈസ്റ്റ് ഒറ്റിത്തോട്ടത്തില്‍ ആദില്‍ റഫീക്ക്, മുള്ളരിങ്ങാട് പുത്തന്‍പുരയ്ക്കല്‍ അക്ഷയ് രഘു , കാരിക്കോട് ഉള്ളാടംപറമ്പില്‍ സാലു ഷെരീഫ് , രണ്ടുപാലം കൂടാലപ്പാട്ട് സഞ്ജയ് സജി
കാളിയാര്‍ മുള്ളന്‍കുത്തി തുരുത്തേല്‍ അശ്വിന്‍ രാജു , എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുപാലം ഷാപ്പുംപടി, പുഴയോരം ഭാഗങ്ങളില്‍ നിന്നാണ് യുവാക്കള്‍ പിടിയിലായത്. രണ്ടുപാലത്തെ വീട്ടില്‍ നിന്നും ഗൃഹനാഥ ചികല്‍സയ്ക്കായി ഒരാഴ്ച മാറി നിന്നപ്പോള്‍ മകന്‍ സൃഹൃത്തുക്കളുമായി ചേര്‍ന്ന് കഞ്ചാവ് ഉപയോഗിക്കുന്നതായി പരിസരവാസികള്‍ പോലീസിനു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് മൂന്നു പേര്‍ അറസ്റ്റിലായത് . അറസ്റ്റിലാകുന്ന യുവാക്കളില്‍ ഭൂരിഭാഗവും പ്രണയനൈരാശ്യവും, വീട്ടിലെ മാതാപിതാക്കളുടെ കാര്‍ക്കശ്യവും, ഇഷ്ടമില്ലാത്ത വിഷയം പഠിക്കുന്നത് കൊണ്ടുള്ള ദേഷ്യവും മാനസിക സമ്മര്‍ദ്ദവും മൂലം മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം . പരിശോധനയുടെ ഭാഗമായി മുത്താരംകുന്ന് നിന്നും പെരുമ്പിള്ളിച്ചിറയ്ക്ക് പോകുന്ന റോഡില്‍ ഒറ്റപ്പെട്ട സ്ഥലത്ത് ബൈക്ക് വച്ച് ലഹരിയുടെ ആസക്തിയിൽ കിടന്നുറങ്ങുന്നവരെയും കൂട്ടമായി മരത്തിന്‍ചുവട്ടിലിരുന്നു ലഹരി ഉപയോഗിക്കുന്ന പെണ്‍കുട്ടികളെയും കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്നിന് അടിമകളായ യുവതി, യുവാക്കളെ ലഹരിമോചന കേന്ദ്രത്തില്‍ എത്തിച്ച് ചികില്‍സ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്നും ഡിവൈ.എസ്.പി എം.ആര്‍.മധുബാബു പറഞ്ഞു.