അറക്കുളം പഞ്ചായത്തില്‍ സംരക്ഷണ ഭിത്തി: 1.32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി
മൂലമറ്റം കെഎസ്ആര്‍ടിസി സബ് ഡിപ്പോയുടെ അടക്കം അറക്കുളം പഞ്ചായത്തില്‍ പ്രളയത്തില്‍ തകര്‍ന്ന വവിധ സംരക്ഷണ ഭിത്തികളുടെ പുനര്‍ നിര്‍മാണത്തിന് ഒരു 1.32 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്ള കെഎസ്ആര്‍ടിസി ഡിപ്പോയുടെ സമീപത്തുകൂടി ഒഴുകുന്ന നച്ചാര്‍ പുഴയുടെ ഒന്നും രണ്ടും റീച്ചുകളുടെ പുനര്‍ നിര്‍മാണത്തിന് 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പഞ്ചായത്തിലെ താഴ്‌വാരം കോളനിയിലെ 13 ാം വാര്‍ഡില്‍ നച്ചാര്‍ പുഴയുടെ കരകളില്‍ സംരക്ഷണ ഭിത്തി കെട്ടുന്നതിന് രണ്ടു റീച്ചുകളിലായി 81.40 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു. പുഴയുടെ പ്രളയത്തില്‍ നശിച്ച് ഇരുകരകളിലും സംരക്ഷണ ഭിത്തി നിര്‍മിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനു പുറമേ താഴ്‌വാരം കോളനിയില്‍ പുഴയ്ക്കു കുറുകേ നടപ്പാലം നിര്‍മിക്കുന്നതിന് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
പദ്ധതിക്ക് സാമ്പത്തിക അനുമതി ലഭ്യമാക്കിയതായി മന്ത്രി അറിയിച്ചു. ഉടന്‍ തന്നെ ടെന്‍ഡന്‍ നടപടികളിലേക്ക് കടക്കും. അധികം വൈകാതെ തന്നെ പണി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2021 ലെ പ്രളയത്തിലാണ് നച്ചാര്‍ പുഴയുടെ തീരം ഒലിച്ചു പോയത്. പഞ്ചായത്തിലെ താഴ്ന്ന ഭാഗമായ താഴ്‌വാരം കോളനിയിലും വെള്ളം കയറിയിരുന്നു.
നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് എത്രയും വേഗം സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എത്രയും വേഗം ഇക്കാര്യത്തില്‍ ഇടപെട്ട് ഫണ്ട് അനുവദിക്കാമെന്ന് മന്ത്രി അറക്കുളം നിവാസികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫണ്ട് അനുവദിക്കുകയായിരുന്നു. താഴ്‌വാരം കോളനിയില്‍ 25 കുടുംബങ്ങളാണുള്ളത്.
കെഎസ്ആര്‍ടിസി സബ് ഡിപ്പോയുടെ പിന്‍ഭാഗത്ത് തോടിനോട് ചേര്‍ന്ന് അപകടകരമായ രീതിയില്‍ മണ്‍തിട്ടയിടിഞ്ഞതിനെ തുടര്‍ന്ന് ഡിപ്പോയിലെ ഇടതുസംഘടന പ്രതിനിധികള്‍ മന്ത്രിയെ നേരില്‍ കണ്ട് സംരക്ഷണ ഭിത്തി കെട്ടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതിലും എത്രയും വേഗം പരിഹാരം കാണണമെന്ന് മന്ത്രി നിര്‍ദേശിച്ചിരുന്നു.