സഹകരണ വകുപ്പിന്റെ 'നെറ്റ് സീറോ എമിഷന്‍' പദ്ധതിക്ക് ജില്ലയില്‍ തുടക്കം
കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായി സഹകരണവകുപ്പ് നടപ്പാക്കുന്ന 'നെറ്റ് സീറോ എമിഷന്‍' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. നെറ്റ് സീറോ എമിഷന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പൈനാവ് ഗവ.യു പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു നിര്‍വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു.
സാധ്യമായ ഏറ്റവും ചെറിയ വഴികളിലൂടെ പോലും പരിസ്ഥിതിയെ പിന്തുണയ്ക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും ഒത്തുചേരണമെന്ന ആഹ്വാനവുമായാണ് നെറ്റ് സീറോ എമിഷന്‍ പദ്ധതിക്ക് തുടക്കമായത്. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥൈന്‍, നൈട്രസ് ഓക്സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലും ആഗിരണവും സന്തുലിതാസ്ഥയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി പദ്ധതി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളിലൂടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പദ്ധതി നടപ്പിലാക്കും. ഹരിതം സഹകരണം പദ്ധതിയുടെ തുടര്‍ച്ചയായി സഹകരണ സംഘങ്ങളുടെ സഹകരണത്തോടെയാണ് നെറ്റ് സീറോ എമിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്.
ചടങ്ങില്‍ ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍ ഫ്രാന്‍സിസ് തോപ്പില്‍ പദ്ധതി വിശദീകരണം നടത്തി. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാര്‍ റൈനു തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ വൃക്ഷത്തൈ വിതരണം നിര്‍വഹിച്ചു. അസിസ്റ്റന്റ് രജിസ്റ്റര്‍ സ്റ്റാന്‍ലി എം ജെ, ഗ്രാമപഞ്ചായത്തംഗം രാജു കല്ലറക്കല്‍, ലിജു കെ ജോസ്, ഗവ. യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല വി.ടി, എസ് എം സി ചെയര്‍മാന്‍ അഭിലാഷ്. എ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.