സംസ്ഥാനത്ത് മുങ്ങിമരണങ്ങളിൽ വൻ വർദ്ധനവ്; കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മരിച്ചത് 258 കുട്ടികള്‍
റിപ്പോർട്ടുകൾ പ്രകാരം അപകടങ്ങളിലേറെയും നടന്നിരിക്കുന്നത് ഗ്രാമീണ മേഖലയിലാണ്.
കടലും കായലും ജലാശയങ്ങളും കൊണ്ട് സമൃദ്ധമായ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്നു.
മുങ്ങി മരണങ്ങൾ തടയുന്നതിനായി സർക്കാർ പലപ്പോഴായി പല പദ്ധതികളും ആവിഷ്‌ക്കരിക്കാറുണ്ടെങ്കിലും അവ എത്രത്തോളം പ്രവർത്തികമാകുന്നുവെന്ന് നാം ചിന്തിക്കാറില്ല. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 258 കുട്ടികളാണ് സംസ്ഥാനത്ത് മുങ്ങി മരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം അപകടങ്ങളിലേറെയും നടന്നിരിക്കുന്നത് ഗ്രാമീണ മേഖലയിലാണ്. ജനങ്ങൾക്കിടയിൽ നീന്തൽ പരിശീലനം വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്കാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്.
രേഖകൾ പ്രകാരം 2022 ൽ മാത്രം 18 വയസിൽ താഴെയുള്ള 258 കുട്ടികൾ മുങ്ങിമരിച്ചു എന്നാണ് തെളിയിക്കുന്നത്. ഇതിൽ 221 ആൺകുട്ടികളും 37 പെൺകുട്ടികളുമാണ് ഉള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ മുങ്ങി മരിച്ചത്. 53 കുട്ടികൾ മരിച്ചു. നഗരങ്ങളിലുളളവർ പൊതുജലാശയങ്ങൾ കുളിക്കാനായി ഉപയോഗിക്കുന്നത് കുറവായതിനാൽ അപകടവും കുറവാണ്. തിരുവനന്തപുരം സിറ്റിയിൽ 3 കുട്ടികളാണ് മുങ്ങിമരിച്ചത്. തിരുവനന്തപുരത്തെ ഗ്രാമങ്ങളിൽ 14 കുട്ടികൾ മരിച്ചു. എറണാകുളം സിറ്റിയിൽ 9 കുട്ടികളും ഗ്രാമങ്ങളിൽ 17 കുട്ടികളും മരിച്ചു.