വനത്തിനുള്ളിൽ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണ് : തമിഴ്നാട് വനം വകുപ്പ് അറിയിച്ചു
വനത്തിനുള്ളിൽ തുടരുന്ന അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ഇന്നലെ രാത്രിയിൽ ലഭിച്ച സിഗ്നൽ അനുസരിച്ച് പൂശാനംപെട്ടിക്കടുത്ത് നിന്ന് നാലര കിലോമീറ്റർ ഉൾവനത്തിലാണ് കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ഷൺമുഖ നദി ഡാമിൽ നിന്ന് ആറ് കിലോമീറ്ററോളം അകലെയാണിത്. ആരോഗ്യം വീണ്ടെടുത്തതോടെ സഞ്ചരിക്കുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണവും കൂടിയിട്ടുണ്ട്.
അരിക്കൊമ്പനെ മുതുമലയിൽ നിന്നുള്ള പ്രത്യേക സംഘത്തിൻ്റെ സഹായത്തോടെ നിരീക്ഷിക്കുന്നത് തുടരുകയാണ്. ആന വനാതിർത്തി കടന്ന് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. പല സംഘങ്ങളായി തിരിഞ്ഞ് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.
ഇതിന് മുമ്പ് മയക്കുവെടി വച്ച് ഒരു മാസം മാത്രമായതിനാൽ വീണ്ടും വെടി വയ്ക്കുന്നത് ആനയുടെ ആരോഗ്യത്തെ ബാധിക്കുമോയെന്ന കാര്യവും തമിഴ്നാട് വനംവകുപ്പിനെ കുഴക്കുന്നുണ്ട്. അതേസമയം, ഇന്ന് തിരുവനന്തപുരത്ത് അരിക്കൊമ്പന് ഐക്യദാർഢ്യം എന്ന പേരിൽ മൃഗസ്നേഹികളും സംഘടനകളും ഒന്നിക്കുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടക്കുന്നുണ്ട്.