മലയാളികളുടെ ഐക്യത്തിന് നന്ദി: മന്ത്രി റോഷി അഗസ്റ്റിന്‍
കട്ടപ്പന: പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ചു നില്‍ക്കുന്ന മലയാളികളുടെ ഐക്യം ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കട്ടപ്പനയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ജീവന്‍ അപകടത്തിലായ ആന്‍ മരിയ ജോയിയെ കുറഞ്ഞ സമയത്തിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുക എന്ന വെല്ലുവിളി മലയാളി സമൂഹം ഏറ്റെടുക്കുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് വിവരം അറിഞ്ഞതിനു പിന്നാലെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഞാന്‍ നടത്തിയ അഭ്യര്‍ഥന ജനം ഏറ്റെടുക്കുകയായിരുന്നു.
സാധാരണക്കാരായ യാത്രികരും നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കൂട്ടായ്മയുമെല്ലാം ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസിനൊപ്പം ചേര്‍ന്നു. റോഡുകള്‍ എത്ര നല്ലതാണെങ്കിലും ഇടുക്കി പോലുള്ള ഒരു സ്ഥലത്തു നിന്ന് ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ കൊച്ചിയിലെത്തുന്നത് എളുപ്പമല്ല. പോരാത്തതിന് സ്‌കൂള്‍ തുറന്ന് ആദ്യ ദിവസമായിരുന്നതിനാല്‍ പതിവിലേറെ റോഡില്‍ തിരക്കുമുണ്ടായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് ലക്ഷ്യത്തിലെത്തിയത്. അതിന് സഹകരിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ട്.'- മന്ത്രി പറഞ്ഞു.
കുട്ടി കൊച്ചിയില്‍ എത്തുമ്പോള്‍ ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയ അമൃത ആശുപത്രിയിലെ ഡോ. ജഗ്ഗു സ്വാമിയുടെ ഇടപെടലും നന്ദിയോടെ സ്മരിക്കുന്നു. ആന്‍ മരിയയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഡോക്ടര്‍മാരോട് സംസാരിച്ചതില്‍ നിന്ന് ലഭിക്കുന്നത് ആശാവഹമായ കാര്യങ്ങളാണ്. ആന്‍ മരിയ എത്രയും വേഗം സുഖം പ്രാപിച്ച് ആശുപത്രി വിടട്ടെ എന്ന് ആശംസിക്കുന്നതായും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.