മുൻ നക്‌സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
മുൻ നക്‌സലൈറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഏറെനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടത്തും. കോട്ടയം ജില്ലയിലെ കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിൽ തറവാട്ടിൽ സക്കറിയയുടെയും അന്നമ്മയുടെയും മകനായ ജനനം. പിന്നീട് ഇടുക്കിയിലെ വെള്ളത്തൂവലിലേക്ക് കുടിയേറി. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിൻ്റെ വഴിയേ പാർട്ടിയിലേക്ക്. ശേഷം പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ നിന്നു. തുടർന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് മാറി. 19-ാം വയസ്സിൽ തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തിലൂടെയാണ് അദ്ദേഹം സായുധ വിപ്ലവ പ്രസ്ഥാനത്തിൽ സജീവമായത്.
തലശ്ശേരി പോലീസ് സ്റ്റേഷൻ ആക്രമണത്തെ തുടർന്ന് ഒളിവിൽപോയി. കേരളത്ത നക്‌സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1971-ൽ അറസ്റ്റു ചെയ്യപ്പെടുമ്പോൾ കൊലക്കേസ് പ്രതി പതിനെട്ട് കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. ജയിലിൽവച്ചുതന്നെ ചാരുമജുംദാറിൻ്റെ ഉന്മൂലനമാർഗ്ഗത്തെ ഉപേക്ഷിച്ചു. സായുധ പോരാട്ടം ഉപേക്ഷിച്ച അദ്ദേഹം പിന്നീട് ഇടുക്കി ജില്ലയിലെ ചേലച്ചുവട്ടിൽ ഒരു തയ്യൽ കട നടത്തിയാണ് ജീവിതം നയിച്ചത്. കുറച്ചുകാലം സുവിശേഷ പ്രവർത്തനങ്ങളിലും അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.
ചരിത്രശാസ്‌ത്രവും മാർക്‌സിയൻ ദർശനവും, പ്രചോദനം, ആതതായികൾ, അർദ്ധബിംബം, മേഘപാളിയിലെ കാൽപ്പാടുകൾ, കനൽവഴികൾ കടന്ന് ഒരു ദൈവസാക്ഷ്യം നിലനിൽക്കുന്ന പ്രധാനപ്പെട്ട പുസ്തകങ്ങൾ. 'വെള്ളത്തൂവൽ സ്റ്റീഫൻ്റെ ആത്മകഥ' എന്ന പേരിൽ തൻ്റെ ജീവിതാനുഭവങ്ങൾ അദ്ദേഹം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നക്‌സൽ പ്രസ്ഥാനത്തിലെ തൻ്റെ അനുഭവങ്ങളും ജയിൽ ജീവിതവും പിന്നീട് ഉണ്ടായ മാറ്റങ്ങളും ഇതിൽ വിവരിക്കുന്നു.



