തൊടുപുഴ ഉടുമ്പന്നൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർക്ക് പരിക്കേറ്റു. ഉടുമ്പന്നൂർ ഒലിവിരിപ്പിൽ ടാപ്പിങ്ങിനായി പോയ കൂവക്കാട്ടിൽ മുരളി, മഞ്ചിക്കല്ല് പുരയിടത്തിൽ സാബു എന്നിവർക്കാണ് പരിക്കേറ്റത്.
തൊടുപുഴ ഉടുമ്പന്നൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർക്ക് പരിക്കേറ്റു. ഉടുമ്പന്നൂർ ഒലിവിരിപ്പിൽ ടാപ്പിങ്ങിനായി പോയ കൂവക്കാട്ടിൽ മുരളി, മഞ്ചിക്കല്ല് പുരയിടത്തിൽ സാബു എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബുവിന്റെ പരിക്ക് സാരമുള്ളതല്ല. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ മഞ്ചിക്കല്ല് - ഒലിവിരിപ്പ് റോഡിലായിരുന്നു സംഭവം.
ടാപ്പിങ്ങിനായി ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന മുരളിയെ റോഡിൽ നിന്ന കാട്ടുപോത്ത് ഇടിച്ചു വീഴ്ത്തുകയായിരുന്നു. വാഹനത്തോടൊപ്പം റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ മുരളിക്ക് സാരമായ പരിക്കേറ്റു. ഇയാൾ വഴിയിൽ വീണുകിടക്കുന്നത് കണ്ട് സഹായിക്കാനെത്തിയ സാബുവിനു നേരെയും കാട്ടുപോത്ത് തിരിഞ്ഞെങ്കിലും സ്കൂട്ടർ വെട്ടിച്ചു മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല.
ഇടുക്കി വനമേഖലയോട് ചേർന്നു കിടക്കുന്ന ഉപ്പുകുന്ന്, കുളമാവ് ഭാഗങ്ങളിൽ നിന്നുമാകാം കാട്ടുപോത്ത് ജനവാസ മേഖലയിൽ എത്തിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഉടുമ്പന്നൂർ ടൗണിന് നാല് കിലോമീറ്റർ മാത്രം അകലെ വന്യമൃഗ സാന്നിധ്യം ഉണ്ടായ പശ്ചാത്തലത്തിൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകി.



