തങ്കമണി പൊലീസ് സ്റ്റേഷൻ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു ; -ഉദ്ഘാടനം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും

ഇടുക്കി: നിർമ്മാണം പൂർത്തീകരിച്ച് നാളെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്ന (12.08.25) തങ്കമണി പൊലീസ് സ്റ്റേഷൻ മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പോലീസ് സ്റ്റേഷൻ സമുച്ചയം ആണ് തങ്കമണിയിലേത്. 2006-ൽ അന്നത്തെ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനാണ് തങ്കമണിയിൽ പോലീസ് സ്റ്റേഷൻ അനുവദിച്ചത്.
2016 ലാണ് പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചത്. കാമാക്ഷി ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇക്കാലമത്രയും സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. പരിമിതമായ സൗകര്യങ്ങളിൽ നിന്നുമാണ് അത്യാധുനിക സൗഹര്യങ്ങളുള്ള പുതിയ സമുച്ചയത്തിലേക്ക് പ്രവർത്തനം മാറുന്നത്.ഈ മാസം 12ന് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായിരിക്കും. സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ മുഖ്യ പ്രഭാഷണം നടത്തും.
തങ്കമണി ബസ്സ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്,എം.എം.മണി എംഎൽഎ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചൻ നീറനാക്കുന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുമോൾ വിജേഷ്,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് റോമിയോ സെബാസ്റ്റ്യൻ ഉൾപ്പെടെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കും.
1.92 കോടി മുതൽ മുടക്കിയാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം നിർമ്മിച്ചത്.കുറ്റവാളികളായി പിടിക്കപ്പെടുന്ന സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകമായി പാർപ്പിക്കുവാൻ കഴിയുന്ന മുന്നോളം സെല്ലുകൾ, കോൺഫറസ് ഹാൾ,ഓഫീസേഴ്സ് റൂമുകൾ അടക്കം മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.