കാലാവസ്ഥ മാറുന്നു. ഹൈറേഞ്ചിൽ രോഗങ്ങൾ പടരുന്നു. എലിപ്പനിക്കും ഡങ്കിപ്പനിക്കും പിന്നാലെ ചെള്ള് പനിയും
ഹൈറേഞ്ചിൽ ഈ വർഷം പ്രതീക്ഷക്കൊത്ത് മഴ പെയ്യാതിരിക്കുകയും പനിക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു. മഴ മാറിയിട്ടും രോഗങ്ങൾക്ക് കുറവില്ല. കാലാവസ്ഥയുടെ മാറ്റം പകർച്ചവ്യാധികൾ പകരാനുള്ള സാഹചര്യവും ഉണ്ടായിരിക്കുകയാണ്. വെയിലും മഴയും സമ്മിശ്രമായുണ്ടാകുന്നതും രോഗം പടരുവാൻ ഇടയാക്കുന്നുണ്ട്. എലിപ്പനി, ഡങ്കിപ്പനി ലക്ഷണങ്ങൾ രണ്ട് പേരിൽ കണ്ടെത്തി. ഇതോടെ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പും രംഗത്ത് എത്തിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാരണം പ്രാണിജന്യ രോഗങ്ങൾക്കും ജലജന്യ രോഗങ്ങളും ഉണ്ടാകാനാണ് സാധ്യതയുള്ളത്. വൈറസ് രോഗങ്ങളുടെ കാരണക്കാരായ ഈഡീസ് കൊതുകുകളുടെ സാന്നിദ്ധ്യം ഉപ്പുതറ പഞ്ചായത്തിലെ ഭൂരിഭാഗം വാർഡുകളിലുമുണ്ട്. കുറ്റിക്കാടുകളും വനമേഖലകളുമുള്ള പഞ്ചായത്തായതിനാൽ ഉപ്പുതറയിൽ വ്യാപകമായി ചെള്ള് പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുറ്റിക്കാടുകളിൽ കാണുന്ന ചെമ്മണ്ട ലാർവ്വകളുടെ കടിയേൽക്കുന്നതാണ് ചെള്ള് പനിക്കാധാരം.
വിട്ടുമാറാത്ത പനി, ശരീരവേദന എന്നിവയാണ് രോഗലക്ഷണം. ഡങ്കിപ്പനിക്ക് കാരണക്കാരായ ഈഡീസ് കൊതുകുകൾ വളരാൻ അനുവദിക്കാതെ ശുചീകരണം നടത്തുക. രണ്ടാമതും ഡങ്കിപ്പനിബാധിച്ചാൽ ആന്തരീകരക്തസ്രാവം ഉണ്ടാകും. സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. മഴക്കാലത്തെക്കാൾ പനിക്കാരുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. ആശുപത്രികളിൽ പനിക്കാരുടെ തിരക്കാണ്. രോഗം വരാതിരിക്കാൻ വീടും പരിസരവും ശുചീകരിക്കണം. കാലാവസ്ഥ വ്യതിയാനം രോഗങ്ങളുടെ വ്യാപനത്തിനിടയാക്കാതിരിക്കാൻ ഓരോരുത്തരും ശ്രമിച്ചാൽ രോഗികളുടെ എണ്ണം കുറക്കാനാകും.