തോട്ടം മേഖലയിൽ നിന്ന് ഡോക്ടറാകാനൊരുങ്ങി ഒരു യുവപ്രതിഭ.;ഉപ്പുതറ 10 ഏക്കർ സ്വദേശി ആൻസി മോളാണ് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടി നാടിന് അഭിമാനമായത്
കഴിഞ്ഞ നീറ്റ് പരീക്ഷയിൽ കേരള കാറ്റഗറിയിൽ 9ാം റാങ്ക് നേടിയാണ് ആൻസി മോൾ എം ബി ബി എസ് പഠനത്തിന് അർഹത നേടിയത്.ഹയർ സെക്കന്ററിയിൽ 5 എ പ്ലസും ഒരു എ യും നേടിയാണ് ആൻസി മോൾ വിജയിച്ചത്. ചെറുപ്പം മുതൽ ഒരു ഡോക്ടറാവണവണമെന്നായിരുന്നു ആൻസിയുടെ മോഹം. ഇത് തിരിച്ചറിഞ്ഞ മാതാപിതാക്കൾ തങ്ങളുടെ പരാധീനതകൾ മാറ്റിവെച്ച് കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തിൽ നീറ്റ് പരിശീലനത്തിനയച്ചു. കഴിഞ്ഞ വർഷം പരീക്ഷയെഴുതിയെങ്കിലും വിജയം കണ്ടില്ല. തുടർന്നും വീട്ടിലിരുന്ന് പഠനം തുടർന്നു കഴിഞ്ഞ പരീക്ഷയിൽ വീണ്ടും പരീക്ഷ എഴുതി വിജയം കാണുകയും കേരള കാറ്റഗറിയിൽ 9 - മത് എത്തുകയും ചെയ്തു. ഇതോടെ എം ബി ബി എസ് പഠനമെന്ന മോഹം തളിർത്തു. പ്രവേശന നടപടികൾ ആരംഭിക്കുകയും ചെയ്തു. കഠിനാദ്ധ്വാനം ചെയ്താൽ ഏത് വെല്ല് വിളികളും മറികടക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി. സാധരണ സ്കൂളിൽ പഠിച്ചാലും വിജയം കൈവരിക്കാൻ കഴിയുമെന്ന് മറ്റുള്ളവർക്ക് കാണിച്ച് നൽകുകയും ചെയ്തു. സുവിശേഷവും സേവനവും നൽകുകയാണ് ആൻസിയുടെ ആഗ്രഹം. സുവിശേഷകനായ ബൈജുവിന്റെയും ഭിന്നശേഷിക്കാരിയായ സിന്ധുവിന്റെയും രണ്ട് മക്കളിൽ മൂത്തയാളാണ് ആൻസി . ഇളയ സഹോദരി അനീറ്റ ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. ആൻസിയുടെ വിജയമറിഞ്ഞ് ഉപ്പുതറ പഞ്ചായത്തംഗങ്ങൾ വീട്ടിലെത്തി ആദരിച്ചു.
ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജയിംസ് ഷാൾ അണിയിക്കുകയും ഉന്നത വിജയം ആശംസിക്കുകയും ചെയ്തു. ഉപ്പുതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത പി എസ്, പഞ്ചായത്തംഗങ്ങളായ സിനി ജോസഫ് , ഷീബ സത്യനാഥ്, ജയിംസ് തോക്കൊമ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.