ഇടുക്കി മൂന്നാര്‍ എം.ആര്‍.എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ടൈഫോയിഡ്; ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി
മൂന്നാര്‍ എം.ആര്‍.എസ് സ്‌കൂളിലെ കുട്ടികള്‍ക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. വിദ്യാലയത്തിലെ ഇരുപതോളം കുട്ടികള്‍ക്കാണ് ടൈഫോയിഡ് സ്ഥിരീകരിച്ചത്.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ പോയി മടങ്ങിയെത്തിയ കുട്ടിയിലാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടത്. കൂടുതൽ കുട്ടികൾക്ക് പനിയും ഛർദിയുമുണ്ടായതോടെ സ്കൂൾ അധികതൃതർ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. രോഗം ബാധിച്ച ഇരുപതോളം കുട്ടികളിൽ എട്ടു പേർ വീടുകളിലേക്ക് മടങ്ങി. അവശേഷിച്ചവർ സ്കൂൾ ഹോസ്റ്റലിൽ തന്നെയാണ് താമസം. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും സ്കൂളധികൃതർ പറഞ്ഞു.
മൂന്നാര്‍ കോളനിക്ക് സമീപമാണ് എം.ആര്‍.എസ് സ്‌കൂളിന്‍റെ ഹോസ്റ്റല്‍ പ്രവർത്തിക്കുന്നത്. ദേവികുളം ഹെല്‍ത്ത് സെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ ഹോസ്റ്റലിലെ ജീവനക്കാര്‍ക്കും താമസക്കാരായ കുട്ടികള്‍ക്കും ടൈഫോയിഡ് പരിശോധന നടത്തി.