കൊച്ചിയിൽ ലഹരിമരുന്ന് വേട്ട :എംഡിഎംഎയുമായി നാലു പേര്‍ പിടിയില്‍: പിടിയിലായവരിൽ ഇടുക്കി പീരുമേട് സ്വദേശിയും,പിടിയിലായത് ഇടുക്കിയിൽ എംഡിഎംഎ എത്തിക്കുന്ന പ്രധാന കണ്ണികൾ

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം എസ്‌ആര്‍എം റോഡിലുള്ള ലോഡ്ജില്‍ നിന്നും എംഡിഎംഎയുമായി നാല് യുവാക്കളെ പോലീസ് പിടികൂടി.
തിരുവനന്തപുരം ബാലരാമപുരം വടക്കേവിള എസ്.എസ്.ഭവനില്‍ യാസിന്‍ (22), ഇടുക്കി പീരുമേട് ചെമ്പാ രിയില്‍ പ്രഭാത് (22), തമിഴ്‌നാട് സ്വദേശികളായ പി.രാംകുമാര്‍ (24), മുഹമ്മദ് ഫാസില്‍ (19) എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫും എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 57.72 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.
ഡല്‍ഹിയില്‍നിന്ന് വാങ്ങുന്ന എംഡിഎംഎ എറണാകുളം, ഇടുക്കി, ജില്ലകളില്‍ വിതരണം ചെയ്യുന്ന മുഖ്യകണ്ണികളില്‍പ്പെട്ടവരാണ് അറസ്റ്റിലായവര്‍. യാസിന്, ബാലരാമപുരം, പീരുമേട്, ദിണ്ഡിഗല്‍, എന്നിവിടങ്ങളില്‍ ബൈക്ക് മോഷണത്തിന് കേസ് നിലവിലുണ്ട്.
പ്രഭാതിന് കട്ടപ്പനയില്‍ മൊബൈല്‍ മോഷണത്തിന് രണ്ട് കേസും അടിമാലി, പാല, ദിണ്ഡിഗല്‍ എന്നിവിടങ്ങളില്‍ ബൈക്ക് മോഷണക്കേസും ദിണ്ഡിഗലില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ സ്‌നാച്ചിംഗ് കേസും നിലവിലുണ്ട്. നര്‍ക്കോട്ടിക് എസിപി കെ.എ.അബ്ദുള്‍ സലാമിന്‍റെ മേല്‍നോട്ടത്തില്‍ എറണാകുളം നോര്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി.പ്രതാപചന്ദ്രന്‍, ടി.എസ്.രതീഷ്, ആര്‍. ദര്‍ശക്, ശ്രീകുമാര്‍, ധീരജ്, ജയ, കെ.എസ്. സുനില്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.