കട്ടപ്പന നരിയംപാറയിലെ ക്ഷേത്രത്തിൽ മോഷണ ശ്രമം;ഒരാളെ നാട്ടുകാർ പിടികൂടി
നരിയംപാറ പുതിയ കാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചാണ് നേർച്ച പണം മോഷ്ടിക്കുവാൻ രണ്ട് പേർ ചേർന്ന് ശ്രമം നടത്തിയത്.ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം.ക്ഷേത്രത്തിൽ ശ്രീ കോവിലിന് സമീപത്തായി സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയാണ് മോഷ്ടാക്കൾ കുത്തിപൊളിച്ച് കടത്തിയത്.ചുറ്റിക ഉപയോഗിച്ച് ഇളക്കിയെടുത്ത ശേഷം സമീപത്തെ വീടിന് മുൻവശത്ത് വെച്ച് ഭണ്ടാര പെട്ടിയുടെ പൂട്ട് തകർക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കളിൽ ഒരാളെ നാട്ടുകാർ പിടികൂടിയത്.ഒപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപെട്ടു.
മദ്യലഹരിയിലായിരുന്നതിനാലാണ് കള്ളന്മാരിൽ ഒരാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കാൻ നാട്ടുകാർക്കായത് കാണിക്ക വഞ്ചി തകർക്കാൻ ശ്രമിച്ച സ്ഥലത്തെ വീട്ടിൽ മുൻപ് ആൾ താമസമില്ലായിരുന്നു.ഈ പ്രതീക്ഷയിലാകാം മോഷ്ടാക്കൾ ഇവിടം തിരഞ്ഞെടുത്തത് എന്നാണ് കരുതുന്നത്.കോലഞ്ചേരി സ്വദേശി അജയകുമാർ എന്നയാളാണ് പിടിയിലായത്.ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ തൂക്കുപാലം സ്വദേശിയാണെന്നാണ് സൂചന.ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.ഏറെ നാളുകൾക്ക് മുൻപും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിട്ടുണ്ട്.അന്ന് ഒരാൾ പിടിയിലാകുകയും ചെയ്തിരുന്നു.