എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തി വ്യാപക തട്ടിപ്പ്:കോലഞ്ചേരി സ്വദേശി പി എം പോൾ പൊലീസ് പിടിയിൽ
തൊടുപുഴയ്ക്കടുത്ത് ഇഞ്ചിയാനിയിലുള്ള ക്വാറിയിലാണ് തട്ടിപ്പുകാർ എത്തിയത്. എൻഫോഴ്‌സ്‌മെന്റ്, ജി എസ് ടി, ഡിഫൻസ് ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞ് ബോർഡ് വെച്ച കാറുകളിലാണ് ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പുകാർ എത്തുന്നത്. കഴിഞ്ഞ ദിവസം എത്തിയ തട്ടിപ്പുകാരൻ കാറിൽ കൊടിയും ബോർഡും വെച്ചാണ് എത്തിയത്.
ഇത്തരത്തിൽ എന്‍ഫോഴ്‍സ്‍മെന്റ് ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച് പാറമട ഉടമയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാളെ ആണ് പോലീസ് പിടികൂടിയത്. കോലഞ്ചേരി സ്വദേശി പി എം പോള്‍ ആണ് പിടിയിലായത്. ക്വാറിയിൽ എത്തിയ പോൾ ജിഎസ്ടി എന്‍ഫോഴ്‍മെന്റ് ഉദ്യോഗസ്ഥനാണെന്നും ക്വാറിക്കെതിരെ ലഭിച്ച പരാതികള്‍ അന്വേഷിക്കാനെത്തിയതാണെന്നും പറഞ്ഞാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ജിഎസ്ടി തട്ടിപ്പ് അടക്കമുള്ള പരാതികളില്‍ അനുകൂല മൊഴി നല്‍കാന്‍ 50,000രൂപയാണ് ക്വാറി ഉടമയോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ അത്രയും പണമില്ലെന്ന് അറിയിച്ച ക്വാറി ഉടമയോട് അഡ്വാന്‍സായി 1000 രൂപ വാങ്ങി. ബാക്കി തുക തൊടുപുഴയില്‍ താന്‍ താമസിക്കുന്ന ലോഡ്‍ജില്‍ എത്തിക്കണമെന്നും പോൾ അറിയിച്ചു. സംശയം തോന്നിയ ക്വാറി ഉടമ ജിഎസ്‍ടിയിലെ മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ തട്ടിപ്പിന് സാധ്യതയുണ്ടെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് ക്വാറി ഉടമ തൊടുപുഴ പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന്
ക്വാറി ഉടമയുടെ മൊഴിയില്‍നിന്നും തട്ടിപ്പുകാരന്റെ വേഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പിന്നീട് ക്വാറിയുടെ സമീപത്തെ കടകളിലും പൊലീസ് സംഘമെത്തി. ഇതിനു ശേഷമാണ് തൊടുപുഴയിൽ നിന്നും തട്ടിപ്പുകാരനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‍തു.