ഇടുക്കി ചെങ്കുളം വൈദ്യുതി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ഹൈ പ്രഷര്‍ പെന്‍സ്റ്റോക്ക് പൈപ്പിന്റെ വിടവിലൂടെ വെള്ളം ചോര്‍ന്നു

ഇടുക്കി ചെങ്കുളം വൈദ്യുതി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്ന ഹൈ പ്രഷര്‍ പെന്‍സ്റ്റോക്ക് പൈപ്പിന്റെ വിടവിലൂടെ വെള്ളം ചോര്‍ന്നു.
രണ്ട് പൈപ്പുകൾ തമ്മിൽ ചേർക്കാൻ ഉപയോഗിച്ചിട്ടുള്ള ബോള്‍ട്ടുകള്‍ക്കിടയിലൂടെയാണ് വെള്ളം പുറത്തേക്കൊഴുകിയത്. ചോര്‍ച്ച തടയുന്നത്തിനുള്ള നടപടികൾ കെ എസ് ഇ ബി ആരംഭിച്ചു.
അടുത്തിടെ മാറ്റി സ്ഥാപിച്ചതും ചെങ്കുളം വൈദ്യുതി നിലയത്തിലേക്ക് വെള്ളം എത്തിക്കുന്നതുമായ ഹൈ പ്രഷര്‍ പെന്‍സ്റ്റോക്ക് പൈപ്പിന്റെ വിടവിലൂടെയാണ് വെള്ളം ചോര്‍ന്നൊഴുകിയത്. ജോയിന്റ് മുറുക്കാന്‍ ഉപയോഗിച്ചിട്ടുള്ള ബോള്‍ട്ടുകള്‍ക്കിടയിലൂടെ വെള്ളം ഒഴുകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ചോര്‍ച്ച തടയുന്ന നടപടി കെ എസ് ഇ ബി ആരംഭിച്ചു. പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം പുനരാരംഭിച്ചിട്ട് ഏതാനും നാളുകളെ ആയിട്ടൊള്ളു.
നേരത്തെ ഉണ്ടായിരുന്ന പൈപ്പുകള്‍ കാലഹരണപ്പെട്ടതോടെയായിരുന്നു പുതിയവ സ്ഥാപിച്ചത്. ജോയിന്റുകളില്‍ പുതിയ ഇനം ഫ്‌ളാപ്പുകളാണിപ്പോള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഇവ വെള്ളം വന്ന് വീര്‍ത്ത് കഴിയുമ്പോള്‍ ചോര്‍ച്ച അടയുമെന്നും ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. പെന്‍സ്റ്റോക്ക് പൈപ്പുകളുടെ സുരക്ഷ പൂര്‍ണ്ണതോതില്‍ ഉറപ്പുവരുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
950 മീറ്റര്‍ നീളവും ഒന്നരമീറ്റര്‍ വ്യാസവുമുള്ള ഹൈ പ്രഷര്‍ പെന്‍സ്റ്റോക്ക് പൈപ്പ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നേതൃത്വത്തിലാണ് മാറ്റി സ്ഥാപിച്ചത്.പെന്‍സ്റ്റോക്ക് പൈപ്പിന്റെ താഴ് ഭാഗത്ത് മുപ്പതോളം കുടുംബങ്ങള്‍ താമസിക്കുന്നു.വെള്ളത്തൂവല്‍ സര്‍ക്കാര്‍ ഹൈസ്‌ക്കൂളും ഇതിന് സമീപത്താണ്.