വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രി ആഗസ്റ്റ് 1 ന് വൈകിട്ട് 4 ന് ഉദ്ഘാടനം ചെയ്യും.

വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രി ആഗസ്റ്റ് 1 ന് വൈകിട്ട് 4 ന് ഉദ്ഘാടനം ചെയ്യും. തങ്കമണി, കട്ടപ്പന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ഹൈറേഞ്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ 7-ാമത്തെ ആശുപത്രിയാണ് വണ്ടിപ്പെരിയാറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വണ്ടിപ്പെരിയാര്‍ ടൗണിന്‍റെ ഹൃദയ ഭാഗത്ത് 5 നിലകളിലായി ആശുപത്രിയുടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 9000 ചതുരശ്ര അടി വിസ്താരത്തില്‍ 35 ബെഡ്ഡുകളുള്ള കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, ഇഎന്‍ടി സര്‍ജന്‍ എന്നിവരുടെ സേവനമാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്നത്. അത്യാഹിത വിഭാഗം, ഹൈടെക് ലബോറട്ടറി, ഇസിജി, ഫാര്‍മസി എന്നിവയെല്ലാം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഗൈനക്കോളജി, ഓര്‍ത്തോ വിഭാഗങ്ങളും, എക്സറേ, അള്‍ട്രാസൗണ്ട് സ്കാനിംഗ് എന്നിവയും രണ്ടാം ഘട്ടത്തില്‍ സെപ്റ്റംബറോടെ ആരംഭിക്കും. ഹൈറേഞ്ചിലെ ഏറ്റവും തിരക്കേറിയ വണ്ടിപ്പെരിയാര്‍ ടൗണിന്‍റെ വികസനത്തിനും ആയിരക്കണക്കായ പ്രദേശവാസികള്‍ക്കും ഏറ്റവും വലിയ ആശ്വാസമായി സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനം മാറുമെന്നുറപ്പാണ്. ആഗസ്റ്റ് വൈകിട്ട് 4 മണിക്ക് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ആശുപത്രി നാടിനായി സമര്‍പ്പിക്കുന്നത്. വാഴൂര്‍ സോമന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എം.എം. മണി എംഎല്‍എ, ആശുപത്രി ഡയറക്ടര്‍ സി.വി. വര്‍ഗീസ്, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ബിനു, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ- സാമൂഹിക- സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. ഉദ്ഘാടനത്തിന്‍റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.