മാലിന്യപ്രശ്‌നത്തിന് മുന്നില്‍ മുട്ടുമടക്കാതെ കൃത്യമായ ഇടപെടല്‍ നടത്തി മാതൃകയാവുകയാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത്. 19 ഹരിത കര്‍മസേന അംഗങ്ങളുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുകയും മാലിന്യം ശേഖരിക്കാന്‍ ഇലക്ട്രിക് ഓട്ടോ അടക്കം ലഭ്യമാക്കുകയും ഹരിതകര്‍മ സേന അംഗങ്ങള്‍ക്ക് സംരഭം ഒരുക്കിയുമൊക്കെയാണ് പഞ്ചായത്ത് മാതൃകയാവുന്നത്.
അജൈവ മാലിന്യങ്ങള്‍ സംഭരിക്കുവാനും ശാസ്ത്രീയമായി തരംതിരിച്ച് സംസ്‌കരിക്കാനുമുള്ള പഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ (എം സി എഫ്) മണികല്ലിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സ്ഥലം ലഭ്യമാക്കി 250 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച എം സി എഫ് കെട്ടിടം 2000 ചതുരശ്ര അടിയായി വിപുലീകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് പഞ്ചായത്തിന് സാധിച്ചു. കൃത്യമായ ഇടവേളകളില്‍ വീടുകളില്‍ നിന്നും ഹരിത കര്‍മസേന തരം തിരിച്ചു ശേഖരിക്കുന്ന പ്ലാസ്റ്റിക് എം.സി.എഫില്‍ എത്തിക്കുകയും അവിടെ വെച്ച് പുനര്‍ചംക്രമണത്തിനു വിധേയമാകുന്നവ അങ്ങിനെ ചെയ്തും അല്ലാത്തവ റോഡ് ടാറിങ്ങിനും മറ്റുമായി പൊടിച്ചെടുക്കുകയുമാണ് ചെയ്യുന്നത്.
വീടുകളിലെ അജൈവമാലിന്യം ഹരിതകര്‍മ്മ സേന മുഖേന കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചത് മാലിന്യനിര്‍മാര്‍ജനം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് മാലിന്യ സംസ്‌കരണരംഗത്ത് പഞ്ചായത്ത് നടപ്പാക്കിയത്.