ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ പ്രവർത്തിക്കുന്ന അങ്കണവാടിയുടെ കെട്ടിടം പൊളിച്ചു മാറ്റിയിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും പുതിയത് നിർമിക്കാത്തതിൽ നാട്ടുകാർക്കിടയിൽ വൻ പ്രതിഷേധം

ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ പ്രവർത്തിക്കുന്ന അംഗൻവാടിയുടെ കെട്ടിടം പൊളിച്ചു മാറ്റിയിട്ട് രണ്ടുവർഷം പിന്നിട്ടിട്ടും പുതിയത് നിർമിക്കാത്തതിൽ നാട്ടുകാർക്കിടയിൽ വൻ പ്രതിഷേധം. പുതിയ കെട്ടിടം നിർമ്മിക്കാത്തതിനെത്തുടർന്ന് അംഗൻവാടി ഇപ്പോൾ മാറി മാറി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വാത്തിക്കുടി പഞ്ചായത്തിലെ ചെമ്പകപ്പാറയിൽ പ്രവർത്തിക്കുന്ന 86 നമ്പർ അംഗനവാടിയാണ് പുതിയ കെട്ടിടം നിർമ്മിക്കാനായി പൊളിച്ചുമാറ്റിയത്. എന്നാൽ രണ്ടു വർഷം പിന്നിട്ടും പൊളിച്ചുമാറ്റിയകെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം പണിതില്ല. മുപ്പതോളം കുട്ടികളുള്ള അംഗൻവാടി ഇപ്പോൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വളരെ കുറഞ്ഞ തുകയ്ക്കാണ് പഴയ കെട്ടിടം പൊളിച്ച് ലേലം ചെയ്തു കൊടുത്തത് എന്നും അക്ഷേപമുണ്ട്.
പുതിയ കെട്ടിടം നിർമിക്കാനായി തുക മാറ്റിവെച്ചിട്ടുണ്ട് എന്ന് പ്രചരിപ്പിച്ചാണ് പൊളിച്ചു മാറ്റിയത്. എന്നാൽ തുക അനുവദിച്ചിട്ടില്ലെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.കൊന്നത്തടി പഞ്ചായത്തിലെ രണ്ട് വാർഡുകളും വാത്തിക്കുടി പഞ്ചായത്തിലെ രണ്ടു വാർഡുകളിലെയും ജനങ്ങളും കുട്ടികളുമാണ് ഈ അംഗൻവാടി യെ ആശ്രയിക്കുന്നത്.
കെട്ടിടം പൊളിച്ചു നീക്കിയതിനേ തുടർന്ന് വ്യാപാരികൾഅവരുടെ ഓഫീസ് കെട്ടിടം അംഗൻവാടിക്കായി വിട്ടുകൊടുത്തു. പിന്നീട് മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിച്ചെങ്കിലുംഅധികകാലം തുടർന്നില്ല. ഇപ്പോൾ 2000 രൂപ വാടക നൽകിയാണ് അംഗൻവാടിയുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. പണം അനുവദിക്കാതെ അംഗൻവാടി പൊളിച്ചു നീക്കിയതിൽ രക്ഷിതാക്കൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്.