കട്ടപ്പനയില്‍ റിംഗ് റോഡും മൂലമറ്റത്ത് എകെജി പാലത്തിനും ബജറ്റില്‍ അംഗീകാരം: മന്ത്രി റോഷി അഗസ്റ്റിൻ

കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി റിംഗ് റോഡ്. ടൗണില്‍ പ്രവേശിക്കാതെ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനായി റിംഗ് റോഡ് നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റോഡ് നിര്‍മിക്കുന്നതോടെ തമിഴ്‌നാട്ടില്‍ നിന്ന് കട്ടപ്പനയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കും എറണാകുളം, കോട്ടയം, കുമളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ടൗണില്‍ പ്രവേശിക്കാതെ യാത്ര സാധ്യമാകും. കട്ടപ്പനയുടെ ഏറെ നാളായുള്ള ആവശ്യമാണ് നടപ്പാകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ഇതോടൊപ്പം മൂലമറ്റം സെന്റ് ജോര്‍ജ് സ്‌കൂളിന് സമീപമുള്ള റോഡിലൂടെ തൊടുപുഴയാറിന് കുറുകേ എകെജി ജംഗ്ഷനില്‍ പാലം നിര്‍മിക്കുന്നതിനും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള തൂക്ക് പാലത്തിന് സമീപത്തായാണ് പുതിയ കോണ്‍ക്രീറ്റ് പാലം നിലവില്‍ വരിക. 11 മീറ്റര്‍ വീതിയിലാകും പുതിയ പാലം നിര്‍മിക്കുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന ബജറ്റിന്റെ പൊതുചര്‍ച്ചയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഈ രണ്ടു പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതായി അറിയിച്ചത്.
പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മൂലമറ്റം അറക്കുളം ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ മൂന്നു കിലോമീറ്ററോളം ദൂരം കുറയും. നിലവിലുള്ള റോഡ് വീതി കൂട്ടി മുന്നുങ്കവയല്‍, കൂവപ്പിള്ളി - ഇലവീഴാ പൂഞ്ചിറ വഴി ഈരാറ്റുപേട്ടയ്ക്ക് ഗതാഗത സൗകര്യം ഒരുക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതുവഴി ഇരാറ്റുപേട്ടയിലേക്ക് 18 കിലോമീറ്ററോളം ദൂരം ലാഭിക്കാനും കഴിയും. ത്രിവേണി സംഗമത്തിന് സമീപത്തു നിര്‍മിക്കുന്ന പാലം ഏറെ വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇലവീഴാ പൂഞ്ചിറയിലേക്കും വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാകും. നിലവിലുള്ള തൂക്ക് പാലം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ പാലത്തിന്റെ നിര്‍മാണം.