അരിക്കൊമ്പന് പകരക്കാരനായി പടയപ്പ. അരിക്കൊമ്പനെ കാടുകയറ്റിയിട്ടും രക്ഷയില്ല, ഒരു ചാക്ക് അരി അകത്താക്കി പടയപ്പ
നാട്ടുകാരെ ദുരിതത്തിലാക്കിയ അരിക്കൊമ്പനെ കാടുകയറ്റിയെങ്കിലും അരിക്കൊമ്പന് പിന്നാലെ അരി തേടിയിറങ്ങി കാട്ടുകൊമ്പന്‍ പടയപ്പയും. മറയൂര്‍ പാമ്പന്‍ മലയിലെ ലയത്തില്‍ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ അടിച്ചുമാറ്റി തിന്നത്. ജനവാസകേന്ദ്രങ്ങളിലിറങ്ങി വീടുകളിലെ അരിയെടുത്ത് തിന്നുന്ന അരികൊമ്പന്‍റെ അതെ പാത പിന്തുടരുകയാണ് മൂന്നാറിലെ കൊമ്പൻ പടയപ്പ. മറയൂര്‍ പാമ്പന്‍ മലയിൽ തോട്ടം തൊഴിലാളികളുടെ താമസിക്കുന്ന ലയങ്ങളുടെ വാതിലുകള്‍ തകർത്താണ് പടയപ്പ വീടിനുള്ളിലെ ചാക്കരിയെടുത്ത് അകത്താക്കിയത്. ആനയുടെ ശല്യം കൂടിയതോടെ പടയപ്പയെ കാട്ടിലേക്ക് തുരത്താന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. രണ്ടാഴ്ച്ചയായി പടയപ്പ മറയൂരിലാണ്. പാമ്പന്‍മലയിലും ചട്ടമുന്നാറിലുമായി വനാതിര്‍ത്ഥിയില്‍ കഴിയുന്ന പടയപ്പ ഇടയ്ക്ക ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങാറുണ്ടെങ്കിലും കാര്യമായ നാശനഷ്ടമുണ്ടാക്കിയിരുന്നില്ല.
പക്ഷേ ഇപ്പോൾ പടയപ്പ ആരിക്കൊമ്പനെ പോലെ വീടുകളില്‍ കയറി അരി തിന്നാല്‍ തുടങ്ങി. അഞ്ചുവീടുകള്‍ക്കാണ് ആനയുടെ ആക്രമണത്തിൽ നാശമുണ്ടായത്. മൂന്നാറിലെ രാജേന്ദ്രന്‍റെ വീട് ഭാഗീകമായി തകര്‍ത്ത് ആന ഒരു ചാക്ക് അരി പുറത്തിട്ട് തിന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കിയാണ് ആനയെ ഓടിച്ചത്. പടയപ്പ വീണ്ടും നാട്ടിലിറങ്ങിയതോടെ വനംവകുപ്പിനെതിരെ കടുത്ത പ്രതിക്ഷേധമാണ് നാട്ടുകാര്‍ക്ക്. ആനയുടെ ശല്യമുണ്ടെന്ന് അറിയിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നതാണ് പ്രധാന ആക്ഷേപം. അതെസമയം ആനയെ കാട്ടിലേക്ക് തുരത്താന്‍ നടപടിയെടുക്കുന്നുവെന്നാണ് വനപാലകരുടെ വിശദീകരണം. തുരത്തിയാലും പടയപ്പ നാട്ടിലേക്ക് തിരിച്ചെത്തുമെന്നതാണ് വെല്ലുവിളി. അതിനുള്ള പരിഹാരം ഉടന്‍ കാണുമെന്നും വനപാലകര്‍ വിശദീകരിച്ചു.