കട്ടപ്പന നഗരത്തിലെ പൊതു ഇടങ്ങളിൽ പൊതുജനങ്ങൾക്കും വാഹന യാത്രക്കാർക്കും തടസ്സമായി നിൽക്കുന്ന ഫ്ലക്സ് ബോർഡുകൾ, കൊടി തോരണങ്ങൾ കമാനങ്ങൾ എന്നിവ നീക്കം ചെയ്തു
ഹൈക്കോടതി ഉത്തരവിന്റെ ഭാഗമായി 4-12- 2024 ൽ തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ച നിർദ്ദേശത്തെ തുടർന്നാണ് നഗരത്തിലെ കൊടി തോരണങ്ങൾ,കമാനങ്ങൾ, ഫ്ലക്സ് ബോർഡുകൾ തുടങ്ങിയവ നഗരസഭ അടിയന്തരമായി നീക്കം ചെയ്തത്. റോഡുകൾ, പാലങ്ങൾ, ഫുട്പാത്തുകൾ, സെന്റർ മീഡിയനുകൾ, കൈവരികൾ,ട്രാഫിക് ഐലന്റുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പൊതുജനങ്ങൾക്കും വാഹന യാത്രക്കാർക്കും തടസ്സമായി നിൽക്കുന്ന വസ്തുക്കളാണ് നീക്കം ചെയ്തത്.
സംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന നടപടിയുടെ ഭാഗമായി കട്ടപ്പന നഗരത്തിൽ മുൻപും ഇതേ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും, വീണ്ടും ഇത്തരത്തിലെ നിയമ ലംഘനങ്ങൾ തുടർന്നിരുന്നു.ഹൈക്കോടതിയുടെ അടുത്ത സിറ്റിങ്ങിന് മുമ്പായി ഉത്തരവ് സംബന്ധിച്ച് നടത്തിയിട്ടുള്ള നടപടികളുടെ തീരുമാനം തദ്ദേശസ്ഥാപനങ്ങൾ അറിയിക്കേണ്ടതുണ്ട്. ഇതോടെയാണ് മൂന്ന് ദിവസത്തിനുള്ളിൽ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ നീക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നത്.
നഗരത്തിലെ ആദ്യ ദിവസത്തെ സ്ക്വാഡ് പരിശോധനയിൽ തന്നെ 38 ഫ്ലക്സ് ബോർഡുകളും 72 കൊടികളും നീക്കംചെയ്തതായി നഗരസഭാ സെക്രട്ടറി അജി കെ തോമസ് പറഞ്ഞു . കോടതിയുടെ ഈ ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ വിധിയുടെ ലംഘനമായി വിഷയം പരിഗണിക്കും. പരിശോധനയിലും നിക്കൽ നടപടിയിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ രഹസ്യ ക്വാഡിന്റെ പരിശോധനയും ഉണ്ട് . വീഴ്ച സംഭവിച്ചാൽ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഉത്തരവാദികൾ ആകുകയും , ഈ ഉദ്യോഗസ്ഥർ പിഴ അടക്കാൻ ബാധ്യസ്ഥരാവുകയും ചെയ്യും. നഗരസഭയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും പരിശോധനയും നടപടിയും തുടരും.