ഉദയഗിരി സർവ്വീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്. രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

രണ്ടായിരത്തി പതിമൂന്ന് മുതൽ അഡ്മിനിസ്റേറ്റീവ് ഭരണം നിലനിന്നിരുന്ന ഉദയഗിരി സർവ്വീസ് സഹകരണ ബാങ്കിൽ രണ്ട് മാസം മുമ്പാണ് എൽ ഡി എഫ് ഭരണ സമിതി അധികാരം ഏൽക്കുന്നത്. ബാങ്കിൽ 2021 ൽ വച്ച സ്വർണ്ണ പണയം പുതുക്കുന്നതിനായി കഴിഞ്ഞ ദിവസം ഉദയഗിരിയിലെ വ്യാപാരി കൂടിയായ അഭിലാഷ് ബാങ്കിൽ എത്തിയപ്പോഴാണ് സ്വർണ്ണം പണയം വെച്ച് ഒരു മാസത്തിനുള്ളിൽ സ്വർണ്ണ ഉരുപ്പിടി തിരിച്ചെടുത്തതായി രേഖകളിൽ കാണുന്നതായി ജീവനക്കാർ അറിയിച്ചത്.
ഇതോടെ ഭരണ സമിതിക്ക് അഭിലാഷ് പരാതി നൽകി.ഇതേ തുടർന്ന് പുതിയ ഭരണസമിതി അന്വക്ഷണം നടത്തുകയും പ്രാഥമിക അന്വേഷണത്തിൽ ബാങ്ക് ജീവനക്കാർ ഇടപാടുകളിൽ ക്രമക്കേട് നടത്തിയതായി ബോധ്യപ്പെട്ടതോടെ സഹകരണ ജോയിന്റ് രജിസ്റ്റാർക്ക് ഭരണ സമിതി പരാതി നൽകി.പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് നടന്നതായും കണ്ടെത്തി. സംഭവത്തിൽ രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി ഭരണ സമതി സസ്പെന്റ് ചെയ്തു. പണയ സ്വർണ്ണം കാണാതായതിന് പുറമെ ജീവനക്കാർ ഡിപ്പോസിറ്റർ അറിയാതെ ഡിപ്പോസിറ്റിൽ നിന്ന് ലോൺ എടുത്തതായും ഇല്ലാത്ത സംഘങ്ങളുടെ പേരിൽ ലോണുകൾ എടുത്തിട്ടുള്ളതായും ഭരണ സമിതി ആരോപിച്ചു.
ലക്ഷകണക്കിന് രൂപയുടെ തട്ടിപ്പ് ബാങ്കിൽ നടന്നതായാണ് വിവരം. അതേസമയം ഇടപാടുകാർക്ക് മുതൽ നഷ്ടമാകില്ലെന്ന് ബാങ്ക് ഭരണ സമിതി അറിയിച്ചു.