രുചി പെരുമയിൽ വനമഹോത്സവം

വനമഹോത്സവം രുചിയിലും ഉത്സവമായി. വെണ്ണ പോലെ മയവും നല്ല രുചിയുമുള്ള പോഷകമൂല്യമേറിയ ബട്ടർ ബീൻസ് , നറുനീണ്ടി വേര്, ഏലക്ക, ശർക്കര എന്നിവയുടെ രുചി പെരുമയിൽ എത് നിക് ടീ, ജംഗിൾ കിങ് താലി, വരഗ് കിച്ചടി, ചങ്ങല പെരേണ്ട ചമ്മന്തി, റാഗിയുടെ നിഗൂഢമായ രുചികൾ, കിഴങ്ങുവർഗ്ഗങ്ങളുടെ രുചിഭേദങ്ങൾ, ചക്ക വിഭവങ്ങൾ, കപ്പ വിഭവങ്ങൾ, വിവിധ തരം പായസങ്ങൾ എന്നിവ അണിനിരന്നപ്പോൾ ഭക്ഷ്യമേളയിൽ അനുഭവപ്പെട്ടത് നിയന്ത്രണാതീതമായ തിരക്ക്.10 ഓളം സ്റ്റാളുകളിലായി 70 ൽ പരം രുചിവിഭവങ്ങളുടെ വൈവിധ്യമാണ് ഒരുങ്ങിയത്. വനാശ്രിത സമൂഹങ്ങളുടെ പരമ്പരാഗതമായ അറിവുകളിലൂടെ ഒരുങ്ങിയ ആരോഗ്യവും ലളിതവും രുചികരവുമായ നാടൻ വിഭവങ്ങളുടെ ഭക്ഷ്യമേള നാവിന് പല രുചി പകർന്ന് നവ്യനുഭവമായി. വനമഹോത്സവത്തിന്റെ ഭാഗമായി തേക്കടി ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ടിലാണ് ഭക്ഷ്യമേള അരങ്ങേറിയത്.
വിവിധ ഇ ഡി സികളുടെ പങ്കാളിത്തത്തോടെ അതിവിപുലമായാണ് ഭക്ഷ്യമേള ഒരുക്കിയത്. ചിന്നാർ എത് നിക് ഫുഡ് സ്റ്റാൾ, വഞ്ചിവയൽ ഇ ഡി സി, വനലക്ഷ്മി എസ് എച്ച് ജി, മന്നാക്കുടി പളിയകുടി ഇ ഡി സി, വനിതാ ഇ ഡി സി, വസന്തസേനാ, പൊന്മുടി ഇക്കോ ടൂറിസം തുടങ്ങി രുചി വൈവിധ്യം വിളമ്പാൻ നിരവധി സ്റ്റാളുകളാണ് മേളയിൽ ഉണ്ടായിരുന്നത്. പ്ലാസ്റ്റിക് വിമുക്തമായ അന്തരീക്ഷത്തിൽ പ്രകൃതി സൗഹൃദമായി ഒരുക്കിയ മേള ജനശ്രദ്ധ നേടി. വൈവിധ്യമാർന്ന തനത് രുചിക്കൂട്ടുകളൊരുക്കി നാവിനും മനസിനും ആനന്ദം പകർന്ന് രുചിപെരുമ വനമഹോത്സവത്തിന്റെ ശ്രദ്ധകേന്ദ്രമായി.
പങ്കാളിത്ത വനപരിപാലനത്തിന്റെ 25 വർഷത്തെ നാൾവഴികൾ ഉൾപ്പെടുത്തി ഒരുക്കുന്ന ഫോട്ടോ പ്രദർശനവും വനമഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.