പകർച്ച പനിയും , സാംക്രമിക രോഗങ്ങളും വ്യാപകമായിട്ടും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്നില്ല

പകർച്ച പനിയും , സാംക്രമിക രോഗങ്ങളും വ്യാപകമായിട്ടും ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്നില്ല. ജില്ലാ കേന്ദ്രങ്ങളിൽ മരുന്നുകൾ എത്തിയാലും ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല. മെഡിക്കൽ സർവീസസ് കോർപറേഷനാണ് ആശുപത്രികളിൽ മരുന്നെത്തിക്കേണ്ടത്. എന്നാൽ കോർപ്പറേഷന്റെ രണ്ടു ലോറികളും പണിമുടക്കിയതോടെ മരുന്നു നീക്കം പൂർണമായും നിലച്ചു. ആരോഗ്യ വകുപ്പിന്റെ വാൻ, ജീപ്പ് അടക്കം 47 ൽ 32 വാഹനങ്ങളും കട്ടപ്പുറത്താണ്. ഇതിൽ ഭൂരിഭാഗം വാഹനങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേതാണ്. ഇതോടെ പ്രതിരോധ കുത്തിവയ്പ്, മെഡിക്കൽ ക്യാമ്പ് , കിടപ്പു രോഗികളുടെ പരിചരണം തുടങ്ങിയ ദൈനം ദിന പ്രവർത്തനങ്ങൾ മുടങ്ങി.
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന കേന്ദ്ര സർക്കാർ നിയമം പ്രാബല്യത്തിൽ വന്നതോടെയാണ് വാഹനങ്ങൾ കട്ടപ്പുറത്തായത് .രണ്ടര മാസമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ ഒരു നീക്കവും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അതിനിടെ ഡെങ്കിപ്പനി ,എലിപ്പനി, മഞ്ഞപ്പിത്തം, മറ്റു സാംക്രമീക രോഗങ്ങൾ ജില്ലയിൽ പടരുകയാണ്. അടിയന്തിരമായി ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല. വാഹനം ഇല്ലാത്തതിനാൽ വെക്ടർ കൺട്രോൾ യൂണിറ്റുകളുടെ പ്രവർത്തനവും താളം തെറ്റി. ഫോഗിങ് അടക്കമുള്ള കൊതുക് ഉറവിട നശീകരണവും നടക്കുന്നില്ല. ആശുപത്രികളിൽ മരുന്നില്ലാത്തതിന് എതിരെ കഴിഞ്ഞ കോൺഫറൻസിൽ ഡോക്ടർമാർ പ്രതിഷേധമുയർത്തി. അടിയന്തിരമായി ആശുപത്രികളിൽ മരുന്ന് എത്തിക്കാനും , വാഹനങ്ങളുടെ പ്രശ്നം പരിഹരിക്കാനും നടപടി ഉണ്ടാകണമെന്ന് കെ.ജി എം ഒ യും ആവശ്യപ്പെട്ടു.