നാടെങ്ങും ഹാപ്പിയാക്കാന്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഹാപ്പിനസ് പാര്‍ക്ക് ഒരുങ്ങുന്നു; മാസത്തില്‍ ഒരു ദിവസം ഹാപ്പിനസ് ഡേ
എല്ലാവരും ഹാപ്പിയായിട്ടിരിക്കാൻ സംസ്ഥാനത്ത് ഹാപ്പിനസ് പാര്‍ക്കുകള്‍ വരുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പാര്‍ക്കുകള്‍ സ്ഥാപിക്കും.ഇതിനായി 50 സെന്റ് ഭൂമിയെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ കണ്ടെത്തണം. നിലവിലുള്ള പാര്‍ക്കുകളില്‍ അധിക സംവിധാനം ഏര്‍പ്പെടുത്തിയും ഹാപ്പിനസ് പാര്‍ക്ക് നിര്‍മ്മിക്കാം. പാര്‍ക്ക് സ്ഥാപിക്കുന്നതിലൂടെ പ്രദേശത്തിന്റെ രൂപം തന്നെ മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പാര്‍ക്ക് നിര്‍മ്മിക്കാൻ മാലിന്യം തള്ളുന്ന പ്രദേശങ്ങള്‍ക്കും ശ്മശാനത്തിനു സമീപമുളള ഭൂമിക്കും മുൻഗണന നല്‍കും. കൂടാതെ മാസത്തില്‍ ഒരു ദിവസം ഹാപ്പിനസ് ഡേ നടത്തണം. തനത് കലാകാരന്മര്‍ക്ക് അവസരം നല്‍കുന്ന പരിപാടികള്‍ക്കും ഭക്ഷ്യമേളയ്ക്കും അരങ്ങൊരുക്കാം.
ഭൂമി വാങ്ങുന്നതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഉപയോഗിക്കാമെന്നാണ് തദ്ദേശവകുപ്പിന്റെ നിര്‍ദേശം. കൂടാതെ മാലിന്യസംസ്കരണ മേഖലയ്ക്ക് മാറ്റിവയ്ക്കേണ്ട വിഹിതവും വിനിയോഗിക്കാം. നഗരങ്ങളില്‍ അമൃത് പദ്ധതിയും പ്രയോജനപ്പെടുത്താം. സ്പോണ്‍സര്‍ഷിപ്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്‌ആര്‍ ഫണ്ട് എന്നിവയിലൂടെയും പണം കണ്ടെത്താം. ഹാപ്പിനസ് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള കരട് തയാറാക്കുന്നതിനു ചീഫ് ടൗണ്‍ പ്ലാനറെ ചുമതലപ്പെടുത്തി.