എല്ലാം വിശദമായി എഴുതും’; ആത്മകഥ എഴുതുമെന്ന് പ്രഖ്യാപിച്ച് ഇ.പി. ജയരാജൻ
എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്നും പുറത്തുപോയതിനു പിന്നാലെ ആത്മകഥ എഴുതുമെന്നു പ്രഖ്യാപിച്ച് ഇ.പി. ജയരാജൻ. ആത്മകഥ അവസാനഘട്ടത്തിലാണെന്നും ഉടൻ പുറത്തിറക്കുമെന്നും ജയരാജൻ പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും തുടർസംഭവങ്ങളുമെല്ലാം ആത്മകഥയിൽ തുറന്നെഴുതുമെന്നാണു ജയരാജന്റെ വെളിപ്പെടുത്തൽ.
രാഷ്ട്രീയം വിടുമോ എന്നത് ഒരു ഘട്ടം കഴിയുമ്പോൾ പറയുമെന്നാണു ജയരാജൻ പറയുന്നത്. ‘‘എല്ലാ കാര്യങ്ങളെക്കുറിച്ചും ആത്മകഥയിൽ പ്രതിപാദിക്കും. വിശദമായി എഴുതും’’ – ഇ.പി. ജയരാജൻ പറഞ്ഞു. ആത്മകഥ പുറത്തിറക്കി ജയരാജൻ രാഷ്ട്രീയം വിടും എന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഇന്നലെയാണ് ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റി ടി.പി. രാമകൃഷ്ണനെ നിയമിച്ചത്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗമായി തുടരുമ്പോഴും ഇടഞ്ഞുനിൽക്കുകയാണ് അദ്ദേഹം. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് മുതൽ ആരംഭിക്കവെ രാഷ്ട്രീയ ആകാംക്ഷ കൂട്ടുന്നതാണ് ജയരാജന്റെ ആത്മകഥ പ്രഖ്യാപനം.