കട്ടപ്പന നഗരസഭാ ഭരണ സമിതിയിൽ ഭിന്നിപ്പ്; കൗൺസിൽ തീരുമാനത്തിനെതിരെ കോൺഗ്രസിലെ രണ്ട് വനിതാ കൗൺസിലർമാർ വിയോജനക്കുറിപ്പ് എഴുതി
കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ ഡംപ് യാർഡിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള പദ്ധതി നടപ്പാക്കുന്നതിൽ ഭരണ സമിതിക്കിടയിൽ ഭിന്നാഭിപ്രായം.ഇ ടെണ്ടർ ക്ഷണിച്ചതിൽ അപാകതയെന്ന് ആരോപിച്ച് ഭരണസമിതിയിലെ രണ്ട് വനിതാ അംഗങ്ങളും പ്രതിപക്ഷവും കൗൺസിൽ തീരുമാനത്തിൽ വിയോജനം രേഖപ്പെടുത്തി. അതേ സമയം 61ലക്ഷം രൂപയ്ക്ക് സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന് തന്നെ ടെൻഡർ നൽകുവാനാണ് കൗൺസിൽ തീരുമാനം
നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുളിയൻ മലയിലെ ഡംപ് യാർഡിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ 70 ലക്ഷം രൂപ വകയിരുത്തി ഇ- ടെൻഡർ ക്ഷണിച്ചത്. 53,02,950 രൂപയ്ക്ക് നോർത്ത് ആമ്പ്സ് ഇ എൻ വി സൊല്യൂഷൻസും 61,78,261 രൂപയ്ക്ക് സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനും ക്വട്ടേഷൻ വച്ചു. എന്നാൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ നോർത്ത് ആമ്പ്സ്
ഇ എൻ വി സൊല്യൂഷൻസ് മുൻപരിചയമില്ലെന്ന കാരണത്താൽ ടെൻഡർ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന് നൽകുവാൻ തീരുമാനിക്കുകയായിരുന്നു.ടെൻഡർ നൽകുന്നതിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് ഭരണ സമിതിയിലെ തന്നെ വനിതാ അംഗങ്ങളായ ബീനാ ജോബിയും, മായാ ബിജുവും വിയോജനം രേഖപ്പെടുത്തിയത്.പിന്നാലെ സമാന ആരോപണവുമായി എൽഡിഎഫ് , ബിജെപി അംഗങ്ങളും സെക്രട്ടറിയെ വിയോജിപ്പ് അറിയിച്ചു.പ്രതിപക്ഷത്തിനൊപ്പം കോൺഗ്രസിലെ രണ്ട് അംഗങ്ങളും എതിർപ്പുമായി എത്തിയത് ഭരണപക്ഷത്തിന് തിരിച്ചടിയായി. കോൺഗ്രസിനുള്ളിലെ അനൈക്യം ഭരണത്തെ ബാധിക്കുന്നുവെന്ന ആരോപണം ഏറെ നാളായി ഉയരുന്നുണ്ട്. എന്നാൽ ഭരണകക്ഷിയിലെ അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്താനുണ്ടായ കാരണം തനിക്കറിയില്ലെന്ന് ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ പ്രതികരിച്ചു.