വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കണം: ജില്ലാ കളക്ടര്‍
![വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കണം: ജില്ലാ കളക്ടര്‍](https://koyilandynews.com/wp-content/uploads/2022/09/vayalada-view-point-1200x675.jpg)
ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ആവശ്യപ്പെട്ടു.ജില്ലയിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും മഴക്കാലത്ത് അപകട സാധ്യത നിലനില്‍ക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍, സുരക്ഷാ വേലികള്‍, ബാരിക്കേഡുകള്‍, ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവയുടെ അഭാവം വിനോദസഞ്ചാരികളുടെ സുരക്ഷയെ ബാധിക്കും. ഇത്തരം സുരക്ഷാ പോരായ്മകള്‍ പരിഹരിക്കുന്നതിനും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അടിയന്തിര പരിശോധന നടത്തി ആവശ്യമായ ഇടങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സുരക്ഷാ വേലികളും സ്ഥാപിക്കാനും സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതിനും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, ഡി.ടി.പി.സി സെക്രട്ടറി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍, ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കെ.എസ്.ഇ.ബി.എല്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, ജില്ലാ ഹൈഡല്‍ ടൂറിസം ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എന്നിവരെ കളക്ടര്‍ ചുമതലപ്പെടുത്തി. കൂടാതെ അപകടസാധ്യതകളെക്കുറിച്ചും സ്വീകരിക്കേണ്ട സുരക്ഷാമുന്‍കരുതലുകളെക്കുറിച്ചും സഞ്ചാരികളെ ബോധവത്കരിക്കുന്നതിന് പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി.