അടിമാലി ടൗണിൽ തെരുവ് നായ ആക്രമണം.നായയുടെ ആക്രമണത്തില്‍ വിവിധയാളുകള്‍ക്ക് കടിയേറ്റു

അടിമാലി ടൗണിൽ തെരുവ് നായ ആക്രമണം.നായയുടെ ആക്രമണത്തില്‍ വിവിധയാളുകള്‍ക്ക് കടിയേറ്റു.കഴിഞ്ഞ രണ്ട് ദിവസങ്ങളായി അടിമാലി ടൗണും പരിസരവും തെരുവ് നായ ആക്രമണ ഭീതിയിലാണ്.അലഞ്ഞ് തിരിയുന്ന നായ്ക്കളില്‍ ഒന്ന് ആളുകളെ അപ്രതീക്ഷിതമായി കടിച്ച് പരിക്കേല്‍പ്പിക്കുന്നതാണ് പ്രതിസന്ധിയായിട്ടുള്ളത്.ഇതിനോടകം ചാറ്റുപാറയടക്കം വിവിധയിടങ്ങളില്‍ വച്ച് ആളുകള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
രാവിലെ റോഡരികിലൂടെ നടന്നു പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നും വന്ന നായ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നുവെന്ന് ചാറ്റുപാറ ഭാഗത്ത് വച്ച് തെരുവ് നായ ആക്രമണത്തിന് ഇരയായ ചാറ്റുപാറ സ്വദേശി യാക്കോബ് പത്രോസ് പറഞ്ഞു.പത്തിലധികം ആളുകള്‍ക്ക് ഇതിനോടകം വിവിധയിടങ്ങളില്‍ വച്ച് തെരുവ് നായയുടെ കടിയേറ്റിട്ടുള്ളതായാണ് വിവരം.നായയെ പിടികൂടുവാന്‍ ശ്രമം നടക്കുന്നുണ്ട്.
പഞ്ചായത്തിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നുള്ള സംഘം നായയെ പിടികൂടുവാന്‍ അടിമാലിയില്‍ എത്തിയിട്ടുണ്ട്.എന്നാല്‍ പിടികൂടുവാന്‍ എത്തുമ്പോള്‍ നായ കടന്നുകളയുന്നത് വെല്ലുവിളിയാകുന്നു.അലഞ്ഞ് തിരിയുന്ന നായ കൂടുതല്‍ ആളുകളെ കടിച്ച സാഹചര്യത്തില്‍ ജനങ്ങൾ ജാഗ്രത പുലര്‍ത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.