അരിക്കൊമ്പൻ അസുഖബാധിതനാണെന്ന പ്രചാരണം തെറ്റെന്ന് തമിഴ്നാട് വനംവകുപ്പ്. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ആന കോതയാർ മേഖലയിലെന്നും മുഖ്യവനപാലകൻ ശ്രീനിവാസ റെഡ്ഡി പറഞ്ഞു
‘‘ആനയുടെ തുമ്പിക്കയ്യിലെ മുറിവ് പൂർണമായും ഉണങ്ങി. അരിക്കൊമ്പൻ ആരോഗ്യവാനാണ്. ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ച് അറിയില്ല’’– ശ്രീനിവാസ റെഡ്ഡി വിശദീകരിച്ചു. ഇടുക്കി ചിന്നക്കനാലിൽ ജനവാസമേഖലയിലിറങ്ങി പതിവായി പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെയാണ് അരിക്കൊമ്പൻ ശ്രദ്ധിക്കപ്പെടുന്നത്. അരിക്കൊമ്പനെ പിടിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പ്രതിഷേധമായി മാറിയതോടെ കേരള സർക്കാർ കൊമ്പനെ പിടികൂടാൻ നടപടി തുടങ്ങി. എന്നാൽ ഇതിനെതിരെ മൃഗസ്നേഹികൾ ഹൈക്കോടതിയെ സമീപിച്ചു.
ഇതോടെ റേഡിയോ കോളർ ധരിപ്പിച്ച് കാട്ടിലേക്ക് വിട്ടാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. തമിഴ്നാട് അതിർത്തിയോട് ചേർന്ന പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനത്ത് അരിക്കൊമ്പനെ തുറന്നുവിടുകയായിരുന്നു. ദിവസങ്ങൾക്കു ശേഷം അരിക്കൊമ്പൻ തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിലേക്ക് ഇറങ്ങി. അരിക്കൊമ്പന്റെ പരാക്രമം അതിരുകടന്നപ്പോൾ തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുകയും കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വിടുകയുമായിരുന്നു.