കട്ടപ്പനയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി അതിഥി തൊഴിലാളികളായ സഹോദരങ്ങൾ പോലീസിന്റെ പിടിയിൽ

കട്ടപ്പനയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി അതിഥി തൊഴിലാളികളായ സഹോദരങ്ങൾ പോലീസിന്റെ പിടിയിൽ.ബീഹാർ സ്വദേശി എം റ്റി ചുന്നു(30), സഹോദരൻ പതിനേഴുവയസ്സുകാരൻ എന്നിവരാണ് കട്ടപ്പന പോലീസിന്റെ പിടിയിലായത്.കുന്തളംപാറ റോഡിൽ അതിഥിതൊഴിലാളികൾക്ക് പാൻ മസാല വിൽക്കുന്നതിനിടെ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.പിടികൂടുമ്പോൾ ബിഗ്ഷോപ്പറുകളിൽ നൂറോളം പാൻമസാലകളുമുണ്ടായിരുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് നഗരസഭ ആരോഗ്യം വിഭാഗം സമാന രീതിയിൽ ഇവരെ പിടികൂടിയിരുന്നു.പതിനേഴുവയസുകാരനെ ഉപയോഗിച്ച് സ്കൂൾ കുട്ടികൾക്ക് അടക്കം പാൻമസാല വിൽക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് പരിശോധന നടത്തിയത്.ഇതിന് ശേഷം രണ്ട് മാസത്തോളം ആരോഗ്യ വിഭാഗം പരിശോധന ശക്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ എക്സൈസ് വകുപ്പ് കാര്യമായ പരിശോധനയോ തുടർനടപടിയോ സ്വീകരിക്കാതെ വന്നതോടെ പാൻമസാല വിൽപ്പന വീണ്ടും വർധിച്ചു.സ്കൂൾ തുറക്കുവാൻ ഒരു ദിവസം ശേഷിക്കെയാണ് കട്ടപ്പന നഗരത്തിൽ നിന്ന് വീണ്ടും പാൻമസാല വിൽപ്പന കണ്ടെത്തിയിരിക്കുന്നത്.