സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തും വീട് വയ്ക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടിയ തട്ടിപ്പ് വീരൻ പിടിയിൽ.
തിരുവനന്തപുരം സ്വദേശിയായ സുരേഷ് കുമാർ എന്ന ആളെയാണ് അറസ്റ്റ് ചെയ്തത്. കട്ടപ്പന കോഴിമല സ്വദേശിയായ യുവതിയെ സിനിമയിൽ ജോലി വാങ്ങിക്കൊടുക്കാം എന്നും വീട് വയ്ക്കാൻ സഹായം വാഗ്ദാനം ചെയ്തും പറഞ്ഞു പറ്റിച്ച് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാളെ കട്ടപ്പന പോലീസ് പിടികൂടിയത്. ഇതിനുമുൻപും തിരുവനന്തപുരം പാറശ്ശാല, പോത്തൻകോട്, തൃശ്ശൂർ ഈസ്റ്റ് എറണാകുളം ചേരാനല്ലൂർ എന്നീ ഭാഗങ്ങളിൽ നിരവധി യുവതികളെ സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതി പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് കേസുകളും നിലവിലുണ്ട്.
കൃത്യത്തിനു ശേഷം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി കറങ്ങി നടന്ന് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതിയെ കഴിഞ്ഞദിവസം തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയതായി ഇടുക്കി ജില്ലാ പോലീസ് മേധാവി V. U കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്ഐ മാരായ മോനിച്ചൻ എം. പി, ഡിജു ജോസഫ്, SCPO സുമേഷ് തങ്കപ്പൻ എന്നിവർ അടങ്ങിയ സംഘം തിരുവനന്തപുരത്തുള്ള പ്രതിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇനിയും കേരളത്തിലുള്ള വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇയാൾ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടാവാൻ ഇടയുണ്ടെന്നും ഇതേക്കുറിച്ച് വ്യക്തത വരുത്താൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്നും കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ അറിയിച്ചു