സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത;അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഉടുമ്പന്നൂരിൽ നാലു മണിക്കൂർ കൊണ്ട് പെയ്തത് 233 മില്ലിമീറ്റർ മഴ
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടി മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് - കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.
ഇടുക്കിയില്‍ രാത്രിയിലും കനത്ത മഴ തുടരുന്നു. വെള്ളിയാമറ്റം പഞ്ചായത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ വെള്ളിയാമറ്റത്ത് തുറന്നിട്ടുണ്ട്. പന്നിമറ്റം എല്‍പി സ്കൂളിലും വെള്ളിയാമറ്റം ഹയര്‍സെക്കന്‍ററി സ്കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. ഇവിടേക്ക് നാലു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മലങ്കര ഡാമിന്‍റെ നാലു ഷട്ടറുകള്‍ രണ്ടു മീറ്റര്‍ വീതം ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. മുവാറ്റുപുഴ തോടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യമുണ്ടായാലാണ് രണ്ടു മീറ്റര്‍ വീതം ഷട്ടറുകള്‍ ഉയര്‍ത്തുക. നിലവില്‍ നാല് ഷട്ടറുകളും ഒരുമീറ്റര്‍ വീതം ഉയര്‍ത്തിവെച്ചിരിക്കുകയാണ്.
ഇടുക്കി തൊടുപുഴയിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. കരിപ്പലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന ആളെ രക്ഷപ്പെടുത്തി. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. പ്രദേശം മന്ത്രിറോഷി അഗസ്റ്റിന്‍ സന്ദർശിച്ചു. മൂലമറ്റം താഴ്വാരം കോളനിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് തോട് കരകവിഞ്ഞൊഴുകി.