മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ദേവികുളം സബ് കളക്ടര്‍ വി എം ജയകൃഷ്ണന്‍

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാലവര്‍ഷം കേരളതീരം തൊടുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ നിഗമനം.ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.മൂന്നാറടക്കം മലയോര മേഖലയില്‍ കാലവര്‍ഷമെത്തുന്നതിന് മുമ്പെ മഴ പെയ്യുന്ന സ്ഥിതിയുണ്ട്. മഴക്കാലമുന്നൊരുക്കങ്ങളുടെ ഭാഗമായി ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി ദേവികുളം സബ് കളക്ടര്‍ വി എം ജയകൃഷ്ണന്‍ പറഞ്ഞു.
പോയ വര്‍ഷങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ ഗ്യാപ്പ് റോഡിലും ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപവും ഉള്ള വഴിയോര വില്‍പ്പന ശാലകള്‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അപകടകരമായ സാഹചര്യങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ പഞ്ചായത്ത്തല ട്രീകമ്മറ്റികള്‍ക്ക് രൂപം നല്‍കി മുറിച്ച് നീക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും സബ് കളക്ടര്‍ പറഞ്ഞു.
കൊച്ചി ധനുഷ്‌ക്കോടി ദേശിയപാത കടന്ന് പോകുന്ന നേര്യമംഗലം വനമേഖലയിലടക്കം മഴ ശക്തമാകുന്ന സാഹചര്യങ്ങളില്‍ മരം കടപുഴകി റോഡിലേക്ക് പതിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.ദിവസങ്ങള്‍ക്ക് മുമ്പ് തെങ്ങ് ദേശിയപാതയിലേക്ക് വീഴുകയും ഇതുവഴിയെത്തിയ കാറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.