ധീരജ് വധക്കേസിലെ പ്രതികളുടെ വിടുതൽ ഹർജി തളളി
കേസിൽ കുറ്റപത്രം കേൾക്കരുത് എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
ഇടുക്കി എഞ്ചിനിയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വിടുതൽ ഹർജി തളളി തൊടുപുഴ പ്രിൻസിപ്പൽ സെഷന്‍ കോടതി. ഏഴാം പ്രതി ജസ്റ്റിൻ ജോയിയുടെയും എട്ടാം പ്രതി അലൻ ജോയിയുടെയും ഹർജിയാണ് തള്ളിയത്. കേസിൽ കുറ്റപത്രം കേൾക്കരുത് എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ ആണ് കേസിലെ കുറ്റപത്രം തയ്യാറാക്കിയത്. രാഷ്‌ട്രീയവൈരാഗ്യമാണ് കൊലയ്‌ക്ക് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിലെ പ്രധാന തെളിവായ കത്തി കണ്ടെത്താൻ കഴിയാത്തതിനാൽ തെളിവ് നശിപ്പിച്ച കുറ്റവും പ്രതികൾക്കെതിരെ ചുമത്തി. സംഭവം നടന്ന് 81-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.കെഎസ്‌യു– യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എട്ടുപേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ ആറുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തുവെന്നാണ് കുറ്റപത്രം.ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ് നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ, പട്ടികജാതി അതിക്രമം തടയൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രധാന പ്രതികൾക്കെതിരെ ചുമത്തിയത്.
ഏഴും എട്ടും പ്രതികളായ ജസ്റ്റിൻ ജോയി, അലൻ ബേബി എന്നിവർക്കെതിരെ, പ്രതികളെ രക്ഷപെടാൻ സഹായിക്കുക, തെളിവ് നശിപ്പിക്കാൻ കൂട്ടുനിൽക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇരുവരും പ്രതികളെ സഹായിച്ചതിന് കൃത്യമായ തെളിവുകൾ ഉണ്ട് എന്ന് കോടതി നിരീക്ഷിച്ചു.