എച്ച് മാത്രമല്ല റോഡ് ടെസ്റ്റും ഇനി കഠിനകഠോരം! വിധിയെഴുതാൻ മെമ്മറി കാർഡും, പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ!

സംസ്ഥാനത്തെ മോട്ടോര്‍ വെഹിക്കിൾ ഡിപ്പാര്‍ട്ട്മെന്റിന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ അടിമുടി മാറ്റം വരികയാണ്. പരിഷ്‍കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ (മെയ് 2) മുതൽ നിലവിൽ വരും. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും ഇനി 'എച്ച്' ടെസ്റ്റ് നടത്തുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റമുണ്ടായിരിക്കും. ഇതാ പുതിയ ഡ്രൈവിംഗ് ടെസ്റ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി 'എച്ച്' ടെസ്റ്റ് നടത്തുക. ടാര്‍ ചെയ്‌തോ കോണ്‍ക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ്. ആംഗുലര്‍ പാര്‍ക്കിങ് (വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്), പാരലല്‍ പാര്‍ക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിര്‍ത്തി പിന്നോട്ടു പോകാതെ മുന്‍പോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകള്‍. 'മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍' വിഭാഗത്തില്‍ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാല്‍ കൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സിലക്ഷന്‍ സംവിധാനമുള്ളതും 95 സിസിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ളതുമായ മോട്ടോര്‍ സൈക്കിള്‍ ആണ്.
ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റെ എല്‍എംവി വിഭാഗം വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോര്‍ഡ് ക്യാമറയും വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂള്‍ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോര്‍ഡ് ചെയ്ത് മെമ്മറി കാര്‍ഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാര്‍ഡ് തിരികെ നല്‍കണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ട്.