കിഴുകാനം ഇറച്ചിക്കേസ്: ഡിഎഫ്‌ഒ സുപ്രീം കോടതിയില്‍
ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഇടുക്കി മുൻ വൈല്‍ഡ് ലൈഫ് വാർഡൻ ബി.രാഹുല്‍ സുപ്രീം കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി.ഹർജി പരിഗണിച്ച കോടതി എതിർ സത്യവാങ്മൂലം നല്‍കാൻ പീഡനത്തിനിരയായ കണ്ണംപടി മുല്ല, പുത്തൻപുരയ്ക്കല്‍ സരുണ്‍ സജിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു.
വിചാരണക്കോടതി മുതല്‍ ഹൈക്കോടതിവരെ മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. സരുണ്‍ സജിക്കുവേണ്ടി അഡ്വ.ശ്യാം ബി. നന്ദൻ കോടതിയില്‍ ഹാജരായി. 2022 നവംബർ 20 നാണ് കാട്ടിറച്ചി കടത്തി എന്നാരോപിച്ച് സരുണ്‍ സജിയെ വിളിച്ചു വരുത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്.
പിടിച്ചെടുത്ത മാംസം വന്യജീവിയുടേത് അല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയതോടെ സരുണ്‍ സജിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് വനം വകുപ്പ് പിൻ വലിക്കുകയും ചെയ്തു. തുടർന്ന് വൈല്‍ഡ് ലൈഫ് വാർഡൻ ബി. രാഹുല്‍ , കിഴുകാനം റേഞ്ച് ഫോറസ്റ്റർ ടി.അനില്‍കുമാർ ഉള്‍പ്പെടെ 13 ഉദ്യോഗസ്ഥർക്ക് എതിരേ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുക്കുകയും വനം ഉദ്യോഗസ്ഥരെ സർവീസില്‍നിന്ന് വനം വകുപ്പ് സസ്പൻഡു ചെയ്യുകയും ചെയ്തു.